‘കോണ്‍ഗ്രസ് വില്ല’ ഒരുങ്ങി; സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് ഇനി സ്വന്തം വീട്
കണ്ണൂര്‍: പാർട്ടിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിനായി വീടൊരുങ്ങി. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനായി നിർമിച്ച ‘കോൺഗ്രസ് വില്ല’ ഫെബ്രുവരി 14ന് കൈമാറും. കണ്ണൂർ ഡിസിസിക്ക് സ്വന്തമായി ഓഫീസ് നിർമിക്കാൻ സ്വന്തം വീട് വിറ്റ് പണം നൽകിയത് സതീശൻ പാച്ചേനിയായിരുന്നു. അദ്ദേഹം ഡിസിസിഅധ്യക്ഷനായിരുന്ന കാലത്താണിത്. ഇത്രയും വേഗം വീട് പൂര്‍ത്തിയായതില്‍ സന്തോഷമുണ്ടെന്ന് പാച്ചേനിയുടെ ഭാര്യ കെ.വി.റീന മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് താക്കോല്‍ കൈമാറുന്നത്.
2022ലാണ് സതീശൻ പാച്ചേനി അന്തരിച്ചത്. സ്വന്തം വീട് ഇല്ലാത്തതിനാൽ സഹോദരന്റെ വീട്ടിലാണ് ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചത്. സംഘടനാ പ്രവർത്തനത്തിനുള്ള പണം കണ്ടെത്താൻ പലപ്പോഴും സുഹൃത്തുക്കളെയും കുടുംബത്തെയുമാണ് പാച്ചേനി ആശ്രയിച്ചിരുന്നത്. ഇത്തരത്തില്‍ പാച്ചേനിക്കുണ്ടായ ബാധ്യതകളെക്കുറിച്ച് മരണശേഷമാണ് പാര്‍ട്ടി അറിയുന്നത്. ഒന്നും ആരെയും അറിയിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം വരുമാനത്തിനായി അദ്ദേഹം സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ മാനേജരായി. അതും മരണം വരെ പാർട്ടിയിലെ അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞിരുന്നില്ല. പാച്ചേനി അമ്മനപ്പാറയില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് 2900 സ്ക്വയര്‍ ഫീറ്റില്‍ 85 ലക്ഷം രൂപ ചിലവിട്ടാണ് വീട് നിര്‍മിച്ചത്. ‘കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വീട് പണി തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. പാച്ചേനിക്ക് വേണ്ടി പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നു’; നിര്‍മാണത്തിന് നേതൃത്വം നല്‍കിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കണ്ണൂരിലെ കർഷക പോരാട്ടങ്ങൾക്ക് ഒരുകാലത്ത് നേതൃത്വം നൽകിയിരുന്ന കമ്മ്യൂണിസ്റ്റുകാരനായ പാച്ചേനി ഉറുവാടന്റെ കൊച്ചുമകനായിരുന്നു സതീശൻ പാച്ചേനി. സ്വന്തം ആദർശങ്ങളുടെ പേരിൽ സതീശന്‍ പാച്ചേനിയെ കുടുംബത്തില്‍ നിന്നുപോലും പുറത്താക്കി. എന്നിട്ടും തളരാതെ കോൺഗ്രസിനൊപ്പം പാച്ചേനി നിന്നു. ഭാര്യ റീന തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉദ്യോഗസ്ഥയാണ്. മകൻ ജവഹറും മകൾ സാനിയയും വിദ്യാർത്ഥികളാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here