കിണറ്റില്‍ വീണ വയോധികക്ക് പുതുജീവന്‍ നല്‍കി; നാട്ടുകാരുടെ ഹീറോയായി പുത്തൂര്‍ എസ്ഐ ജയേഷ്

കിണറ്റില്‍ വീണ വയോധികയെ അതിസാഹസികമായി രക്ഷിച്ച എസ്ഐക്ക് നാട്ടുകാരുടെ അഭിനന്ദനം. കൊല്ലം പുത്തൂരില്‍ രാധമ്മ(74)യാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. വിവരമറിഞ്ഞ് എത്തിയ പുത്തൂർ എസ്ഐ ടി.ജെ.ജയേഷ് ജീവന്‍പോലും പണയപ്പെടുത്തി കിണറ്റില്‍ ഇറങ്ങുകയായിരുന്നു.

30 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ പകുതിയിലധികംഭാഗം വെള്ളമുണ്ടായിരുന്നു. ഉപയോഗിക്കാതെ കിടന്നതിനാല്‍ കാട് പിടിച്ചിരുന്നു. ഓക്സിജന്റെ കുറവുമുണ്ടായിരുന്നു. പ്രയാസപ്പെട്ട് താഴെയെത്തിയ ജയേഷ് അബോധവാസ്ഥയിലായിരുന്ന രാധമ്മയെ വെള്ളത്തില്‍ നിന്നും ഉയർത്തി പ്രഥമശുശ്രൂഷ നല്‍കി.

ശാസ്താംകോട്ടയിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേന വലയിട്ട് രാധമ്മയെ ഉയര്‍ത്തി. ഉടൻ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. കിണറ്റില്‍ നിന്നും കയറിയപ്പോള്‍ എസ്ഐക്ക് ശ്വാസതടസം നേരിട്ടു. അല്‍പസമയം വിശ്രമിച്ചാണ് അദ്ദേഹം മടങ്ങിയത്. രാധമ്മ സുഖം പ്രാപിച്ചുവരുന്നു.

അഗ്നിരക്ഷാ സേനയിലെ ജോലി ഒഴിവാക്കിയാണ് പോലീസില്‍ എത്തിയത്. 11 വര്‍ഷത്തോളം ജയേഷ് അഗ്നിരക്ഷാസേനയില്‍ ഉണ്ടായിരുന്നു. അന്നത്തെ ട്രെയിനിംഗ് ആണ് തുണയായത്. കിണറ്റിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിനുമാത്രം 30 ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 2019-ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top