കണ്ണൂർ വിസി പുറത്തേക്കോ? 60 വയസ് കഴിഞ്ഞവരെ എങ്ങനെ നിയമിക്കാൻ കഴിയുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. കേസ് വിധി പറയാനായി മാറ്റിയിരിക്കുന്നത്. 60 വയസ് കഴിഞ്ഞവരെ എങ്ങനെ വിസിയായി പുനർനിയമിക്കാനാകുമെന്ന് വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു. പുനർനിയമനത്തിന് പ്രായം ഉൾപ്പടെയുള്ള യോഗ്യത മാനദണ്ഡം ഇല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി.
പുനര്‍നിയമനത്തിന് യോഗ്യത മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയുമോ എന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി ചോദിച്ചു. ചട്ട പ്രകാരമുള്ള ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി ഹര്‍ജികള്‍ വിധി പറയാനായി മാറ്റി
വിസി നിയമനവുമായി ബന്ധപ്പെട്ട 2018 ലെ യുജിസി ചട്ടങ്ങൾ പുനർനിയമനത്തിന് ബാധകമല്ലെന്നായിരുന്നു കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാംഗ് മൂലത്തിലും വ്യക്തമാക്കിയിരുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വിസി ആയി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം. അതിനാൽ തന്നെ പുനർനിയമനത്തിന് ആ നടപടിക്രമങ്ങൾ വീണ്ടും പാലിക്കേണ്ടതില്ലെന്ന് സത്യവാംഗ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ നിയമനത്തിന് മാത്രമേ ഉയർന്ന അറുപത് വയസ് എന്ന ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടുള്ളു. പുനർനിയമനത്തിന് ഉയർന്ന പ്രായപരിധി ബാധകം അല്ലെന്നുമാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here