ഡ്രൈവറില്ലാതെ ട്രെയിൻ നീങ്ങുമോ; ചരക്കു ട്രെയിൻ തനിയെ ഓടിയത് ഹാൻഡ് ബ്രേക്ക് ചെയ്യാത്തത് കൊണ്ടെന്ന് റെയില്‍വേ

ഡല്‍ഹി: കശ്മീരിലെ കത്വാ സ്റ്റേഷൻ മുതൽ പഞ്ചാബ് വരെ ചരക്കുതീവണ്ടി ലോക്കോ പൈലറ്റില്ലാതെ ഓടി എന്ന വാർത്ത ഒരേ സമയം കൗതുകവും ഞെട്ടലും ഉണ്ടാക്കുന്നതാണ്. കാറും ബൈക്കുമൊക്കെ ന്യൂട്രലിൽ ഇരിക്കെ ഹാൻഡ് ബ്രേക്ക് ചെയ്യാതിരുന്നാൽ നീങ്ങുമെന്ന് അറിയാമെങ്കിലും ട്രെയിൻ തനിയെ നീങ്ങുന്നത് കേട്ടുകേൾവി ഇല്ലാത്ത ഒന്നാണ്. അതും മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ സ്പീഡിലെന്നതാണ് അവിശ്വസനീയം.

ഇന്ന് രാവിലെയാണ് എൺപത് കിലോമീറ്ററോളം ചരക്ക് ട്രെയിൻ ഡ്രൈവർ ഇല്ലാതെ ഓടിയത്. ഹാൻഡ് ബ്രേക്ക് ചെയ്യാതിരുന്നാൽ ട്രെയിൻ ചെറുതായി നീങ്ങുമെങ്കിലും ഇത്രയും വേഗത്തിൽ ഓടാൻ സാധ്യത ഇല്ലെന്നാണ് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്. എന്നാല്‍ ഹാൻഡ് ബ്രേക്ക് ചെയ്യാതെ ലോക്കോ പൈലറ്റ് ഇറങ്ങിയതാണ് കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. പഞ്ചാബിലെ ഊഞ്ചിബസ്സിൽ വച്ചാണ് ട്രെയിൻ നിർത്താനായത്. വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

ലോക്കോ പൈലറ്റിന് അപായ മുന്നറിയിപ്പ് നൽകാൻ റെയിൽവേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ‘റെയിൽവേ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം'(ആർഡിഎഎസ്) വികസിപ്പിക്കുന്നുണ്ട്. ഡ്രൈവറുടെ കണ്ണ് ചിമ്മൽ സെൻസ് ചെയ്യാൻ ഈ സംവിധാനത്തിന് ശേഷിയുണ്ട്. ഡ്രൈവർമാർക്ക് ഉറക്കം വന്നാൽ ഉടൻ ഇതിലൂടെ അപായ സൂചന ലഭിക്കും. മാത്രമല്ല അപായ സൂചന ഡ്രൈവർ തിരിച്ചറിഞ്ഞില്ലെങ്കിൽ സ്വയം ബ്രേക്ക് ചെയ്യാനും കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന. മുൻപ് 2017 നവംബറിലും കർണാടകയിലെ ‘വാഡി’ സ്റ്റേഷനിൽ നിർത്തിയിട്ട ഇലക്ട്രിക്ക് ട്രെയിനിന്റെ എഞ്ചിൻ തനിയെ സഞ്ചരിച്ചിരുന്നു. ബോഗികൾ ചേർക്കാൻ ശ്രമിക്കവെയാണ് പെട്ടന്ന് എഞ്ചിൻ സ്വയം ചലിക്കാൻ തുടങ്ങിയത്. 13 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് എഞ്ചിൻ നിർത്താൻ സാധിച്ചത്. ഇത്തരം ആപത്തുകള്‍ ഒഴിവാക്കാന്‍ ആര്‍ഡിഎഎസ് സംവിധാനം വലിയതോതില്‍ സഹായിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top