നരേന്ദ്ര മോദിയുടെ യുക്രെയ്ന്‍ സന്ദർശനം; 5 വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്ങനെ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ന്‍ സന്ദർശനവും പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയും ആഗോള മാധ്യമങ്ങൾ പല രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ യുക്രെയ്ന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അഞ്ച് ആഗോള മാധ്യമങ്ങൾ മോദിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്തത് എങ്ങനെയെന്ന് നോക്കാം.

യുദ്ധം നടക്കുന്ന രണ്ടു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ ശ്രദ്ധാപൂർവമാണ് മോദി കൈകാര്യം ചെയ്യുന്നതെന്നാണ് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മോസ്കോയിലേക്ക് മോദി സന്ദർശനം നടത്തി, പ്രസിഡന്റെ പുടിനെ ആലിംഗനം ചെയ്തു, റഷ്യയുമായി ഒരു പ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ തുടർന്നു. ജൂണിലാകട്ടെ, യുക്രെയ്നിൽ നടന്ന സമാധാന ഉച്ചകോടിക്ക് ഇന്ത്യ ഒരു പ്രതിനിധിയെ അയച്ചു. ഉച്ചകോടിയിലെ ചർച്ചയിലെ തങ്ങളുടെ നിലപാടുകൾക്ക് ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് യുക്രെയ്ന്‍ പ്രതീക്ഷിച്ചു. എന്നാൽ അതിനുള്ള രേഖയിൽ ഒപ്പിടാതെ ഇന്ത്യ മാറിനിൽക്കുകയാണ് ചെയ്തതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിൽ ഇന്ത്യ ഒരിക്കലും നിഷ്പക്ഷത പാലിച്ചിരുന്നില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സമാധാനം നിലനിർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നാണ് മോദി എപ്പോഴും വാദിച്ചത്. മഹാത്മാഗാന്ധിയുടെ നാട്ടിൽ നിന്നാണ് താൻ വന്നതെന്നാണ് മോദി ഇതിനു ആധാരമായി പറഞ്ഞത്. എന്നാൽ റഷ്യയുടെ സമ്പൂർണ അധിനിവേശത്തെ ഇന്ത്യ ഒരിക്കലും അപലപിച്ചിട്ടില്ല, മറിച്ച് മോസ്‌കോയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിച്ചു എന്നതാണ് വസ്തുത. കഴിഞ്ഞ മാസം ചൈനയെ മറികടന്ന് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി ഇന്ത്യ മാറിയത് ഇതിനു തെളിവാണെന്ന് ബിബിസി പറയുന്നു.

മോദിയുടെ സന്ദർശനത്തെ ‘ചരിത്ര നിമിഷം’ എന്നാണ് സെലൻസ്‌കി വിശേഷിപ്പിച്ചത്. എന്നാൽ ഇരു രാജ്യങ്ങളും ഒന്നിച്ചുള്ള മുന്നേറ്റത്തിൻ്റെ സൂചനകൾ കാണിച്ചില്ല എന്നാണ് ലേ മോണ്ടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുക്രെയ്ൻ-റഷ്യ പ്രശ്നം സങ്കീർണ്ണമാണ് എന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പ്രതികരിച്ചത്. സമാധാന ശ്രമങ്ങൾക്ക് പുരോഗതി ഉണ്ടാകണമെങ്കിൽ റഷ്യയെക്കൂടി ചർച്ചകളിലേക്ക് കൊണ്ടുവരാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞതായും ലോ മോണ്ടെയുടെ റിപ്പോർട്ടിൽ പറയുന്നു.

1991ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുക്രെയ്നിലേക്കുള്ള ആദ്യ യാത്രയാണ് എന്നാണ് മോദിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ദി ഗാർഡിയന്റെ റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്ത സ്ഥിതിയിലേക്ക് നീങ്ങിയതിനൊടുവിലാണ് ഇത് ഉണ്ടായതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ മിസൈലുകൾ കീവിലെ കുട്ടികളുടെ ആശുപത്രി തകർത്ത അതേ ദിവസം തന്നെ മോദി മോസ്‌കോയിൽ എത്തിയതിനെ സെലൻസ്‌കി വിമർശിച്ചിരുന്നതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

രാജ്യാന്തരതലത്തിൽ സമ്മർദം ഏറെ ഉണ്ടായിട്ടും, മുൻപേ സഖ്യകക്ഷിയും ആയുധ വിതരണക്കാരുമായ റഷ്യയെ തള്ളിപ്പറയാൻ ഇന്ത്യ തയ്യാറായില്ല എന്നാണ് നിക്കെ ഏഷ്യ റിപ്പോർട്ട് ചെയ്തത്. പകരം, ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം പരിഹരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു. അതേസമയം, മോസ്കോയുമായുള്ള ബിസിനസ് വ്യാപാരം തുടരുകയും ചെയ്തു. പ്രത്യേകിച്ച് വിലക്കിഴിവുള്ള റഷ്യൻ എണ്ണ വാങ്ങി മോസ്കോയുമായി നല്ല ബന്ധത്തിൽ തുടരുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top