എത്ര പേർ മരിച്ചെന്ന ചോദ്യം ബാക്കി; ആയിരക്കണക്കിന് വസ്ത്രങ്ങൾ, പുതപ്പുകൾ, ചെരുപ്പ്… ദുരന്തഭൂമിയായ ഏറ്റവും വലിയ മതസമ്മേളന വേദി

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ എത്ര പേർ മരിച്ചതെന്ന് സ്ഥിരീകരിക്കാനാവാതെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതുമായിട്ടാണ് വിവരം. ഒട്ടേറെപ്പേരേ കാണാതായിട്ടുമുണ്ട്. ഇന്ന് പുലർച്ചെ സ്നാനത്തിന് എത്തിയ വലിയ ജനക്കൂട്ടം അഖാര മാർഗിൽ സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീക്കിയതാണ് അപകടത്തിന് ഇടയാക്കിയത്.

പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ അപ്രതീക്ഷിതമായിട്ടാണ് അപകടമുണ്ടായത്. മരിച്ചവരുടെ പേരു വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി യുപി സർക്കാർ പുറത്ത് വിട്ടിട്ടില്ല. ഇന്ന് രാത്രിയോടെ മരണപ്പെട്ടവരുടേയും പരുക്ക് പറ്റിയവരുടേയും കാണാതായവരുടേയും വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ.

അപകട ശേഷം കുംഭമേള നഗരിയിൽ ദൃശ്യമായത് ഹൃദയഭേദഗമായ കാഴ്ചയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളന വേദി ദുരന്തഭൂമിയായി മാറിയത് നിമിഷങ്ങൾ കൊണ്ടായിരുന്നു. ഗംഗ, യമുന, ഐതിഹ്യ സരസ്വതി നദികൾ സംഗമിക്കുന്ന മഹാകുംഭമേള വേദി തിക്കിലും തിരക്കിലും വസ്ത്രങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് ഉപേക്ഷിച്ച സാധനങ്ങൾ മാത്രം നിലത്ത് ചിന്നി ചിതറിക്കിടക്കുന്ന സ്ഥലമായി ചുരുങ്ങി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പലരും ആ സാധനങ്ങൾക്ക് മുകളിലൂടെ ചവിട്ടുന്നതും മഹാ കുംഭമേളക്കിടയിലെ വേദനിപ്പിക്കുന്ന കാഴ്ചയായി മാറി.

Also Read: 144 കൊല്ലത്തിൽ ഒരിക്കലെ അമൃത സ്നാനത്തിന് എത്തിയത് ആറ് കോടി ഭക്തർ; ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനത്തിൽ ഇതുവരെ പങ്കെടുത്തത് 25 കോടിയിലേറെ ആളുകൾ

അപകടത്തിന് ശേഷം പുണ്യസ്നാനം പുനരാരംഭിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. ഡൽഹിയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടയിലായിരുന്നു മോദിയുടെ പ്രതികരണം. ആരും കിംവദന്തിയുടെ പിന്നാലെ പോകരുതെന്ന് യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.

പ്രയാഗ്‌രാജിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളുകൾ അവരുടെ അടുത്തുള്ള ഗംഗ നദിയിൽ സ്നാനം ചെയ്യണമെന്നും സംഗമ സ്ഥാനത്ത് എത്താൻ ശ്രമിക്കരുതെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ എന്നിവർ രാവിലെ തന്നെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top