ഉമ്മൻ ചാണ്ടിയെ കുടുക്കിയതിന്റെ അറിയാക്കഥകൾ; ഞെട്ടിക്കുന്ന CBI റിപ്പോർട്ട് പുറത്തേക്ക്, വീഡിയോ സ്റ്റോറി കാണാം..
അനിൽ ഇമ്മാനുവൽ, എഡിറ്റർ ഇൻ ചീഫ്
ജനാധിപത്യ കേരളം പുതുപ്പള്ളിയിലേക്ക് ഉറ്റുനോക്കുന്ന ഈ ദിവസങ്ങളിൽ പറയേണ്ട ഏറ്റവും പ്രധാന വാർത്തയാണ് മാധ്യമ സിൻഡിക്കറ്റ് ഇപ്പൊൾ പുറത്തുവിടുന്നത്. കേരളം അറിയാൻ ആഗ്രഹിച്ച, ശരിയാകരുതേ എന്ന് ഒരുപക്ഷേ പലരും പ്രാർത്ഥിച്ച ദുരന്തമായൊരു കേസിൻ്റെ പരിണാമമാണ് ഇവിടെ തുറന്ന് കാട്ടുന്നത്. അര നൂറ്റാണ്ടിനു ശേഷം പുതുപ്പള്ളി പുതിയ നായകനെ തേടിയ ഈ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഇത് കേരളത്തിന് മുന്നിൽ തുറന്നു കാണിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മാധ്യമ മര്യാദയെ കരുതി അത് വേണ്ടെന്ന് വച്ച് കാത്തിരിക്കുകയായിരുന്നു ടീം മാധ്യമ സിൻഡിക്കറ്റ്. പുതുപ്പള്ളിയിലെ ജനവിധിയെ സ്വാധീനിക്കാൻ പോന്ന ഒന്നാണ് ഇതെന്ന ഉറച്ച ബോധ്യത്തിൽ ആയിരുന്നു ആ തീരുമാനം. ഇന്നിപ്പോൾ പുതുപ്പള്ളിയുടെ മനസ് മനസിലായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ലോകമറിയാൻ ആഗ്രഹിക്കുന്ന ഈ റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണക്കേസിൽ കുടുക്കാൻ നടന്ന അതിനീചമായ ഗൂഢാലോചനയുടെ സമഗ്രചിത്രമാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. വ്യാജ തെളിവുകളും കള്ളസാക്ഷികളെയും സൃഷ്ടിച്ച് അദ്ദേഹത്തെ ഉന്മൂലനം ചെയ്യാൻ നടത്തിയ ചതി പ്രയോഗങ്ങളുടെ പൂർണ വിവരങ്ങൾ അടങ്ങിയ സിബിഐ റിപ്പോർട്ടാണ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.
ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ വർഷം ഡിസംബറിൽ സിബിഐ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ആഴ്ച അത് അംഗീകരിച്ച് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടതും ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ ഈ അന്വേഷണത്തിനിടെ സിബിഐ കണ്ടെത്തിയ ഞെട്ടിക്കുന്ന ഗൂഢാലോചനയുടെ വിവരങ്ങൾ ആണ് ഇതാദ്യമായി മാധ്യമ സിൻഡിക്കറ്റിലൂടെ പുറത്തുവരുന്നത്. പല തലങ്ങളിൽ, പല കാലങ്ങളിലായി നടന്ന ആസൂത്രണത്തിൻ്റെ വിശദാംശങ്ങൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് പറഞ്ഞു തീർക്കാവുന്നതല്ല. അതുകൊണ്ട് പല ദിവസങ്ങൾ നീളുന്ന തുടർ പരമ്പരയായാണ് മാധ്യമ സിൻഡിക്കറ്റ് ഈ വിഷയം നിങ്ങളിലേക്ക് എത്തിക്കുന്നത്. പൊതു, രാഷ്ട്രീയ മണ്ഡലത്തിലെ പതിവ് ചേരിപ്പൊരുകൾക്ക് അപ്പുറത്ത്, ഇത്ര നികൃഷ്ടമായ വിഷയങ്ങൾ ഉന്നയിച്ചുള്ള ഉന്മൂലന രാഷ്ടീയം പ്രയോഗിക്കുന്നതിൻെറ ആധുനിക കാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്. അതിൻ്റെ ഉള്ളറകൾ മനസ്സിലാക്കാൻ ഈ ദിവസങ്ങളിൽ മാധ്യമ സിൻഡിക്കറ്റിനൊപ്പം തുടരാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഇത്ര ഹീനമായ ഒരു ലൈംഗിക പീഡനക്കേസിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടെത്തിച്ചത് ആരാണ്? അത് നിശ്ചയമായും സോളാർ തട്ടിപ്പ് കേസുകളിൽ പ്രതിയായ സ്ത്രീ ഒറ്റക്കല്ല. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ ഇതിനുള്ള തെളിവുണ്ട്. കേരളത്തിൻ്റെ പൊതു, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഇടപാടുകളെക്കുറിച്ചും കക്ഷിരാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും സാമാന്യമായെങ്കിലും ധാരണയുള്ള മലയാളികൾ ആരും പ്രതീക്ഷിക്കാത്ത ചിലരുടെ ഇടപെടുകളാണ് അന്ന് 70 പിന്നിട്ട ഉമ്മൻ ചാണ്ടിയെ മരിക്കുവോളം തീരാതെ പുകഞ്ഞുകത്തിയ ഈ നാണക്കേടിൻ്റെ തീയിലേക്ക് തള്ളിയിട്ടത്.
1) ആദ്യം പറയേണ്ട പേര് ദല്ലാൾ നന്ദകുമാർ അഥവാ ടി ജി നന്ദകുമാർ. 2016ൽ ആദ്യ പിണറായി സർക്കാർ അധികാരമേറ്റ് മൂന്നാം നാൾ പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ച് നന്ദകുമാർ നടത്തിയ നീക്കമാണ് സിബിഐ കേസിൽ ഉമ്മൻ ചാണ്ടി ഒന്നാം പ്രതിയാകുന്നത് വരെയെത്തിയത്.
2) കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ബന്ധു, കൊല്ലം സ്വദേശി ശരണ്യ മനോജ് അഥവാ സി മനോജ് കുമാർ. 2012ൽ സോളാർ തട്ടിപ്പ് കേസിൽ അതിജീവിത അറസ്റ്റിലായ ശേഷം ജയിലിൽ നിന്ന് എഴുതിയ കത്തിൻ്റെ ആദ്യപ്രതി കൈക്കലാക്കുകയും പിന്നീട് ജയിൽ മോചിതയായപ്പോൾ രണ്ടു മാസത്തോളം സ്വന്തം വീട്ടിൽ പാർപ്പിച്ചു നേതാക്കളുമായി വിലപേശലിന് അവസരം ഉണ്ടാക്കുകയും ചെയ്തു.
സാധാരണ ഗതിയിൽ പ്രത്യേകിച്ച് ഒരു താല്പര്യവും ഉണ്ടാകേണ്ടത് ഇല്ലാത്ത ഈ വിഷയത്തിൽ എന്തായിരുന്നു രണ്ടു പേരുടെയും ഇടപെടലിൻ്റെ ഉദ്ദേശ്യം? അധികാര കേന്ദ്രങ്ങളുടെ ഇടനാഴികളിൽ, അകത്തളങ്ങളിൽ, അതുമല്ലെങ്കിൽ പിന്നാമ്പുറങ്ങളിൽ വരെ ഇടപഴകി ഏത് കാര്യവും സാധിക്കാൻ പോന്ന ‘പവർ ബ്രോക്കർ’ എന്ന് സിപിഎമ്മിലെ ഉൾപാർട്ടി പോരിൻ്റെ കാലഘട്ടത്തിൽ പിണറായി വിജയൻ നേതൃത്വം കൊടുത്ത ഔദ്യോഗിക പക്ഷം ആക്ഷേപിച്ചിരുന്ന വ്യക്തിയാണ് ടി ജി നന്ദകുമാർ. അങ്ങനെയാണ് ദല്ലാൾ എന്ന വിളിപ്പേര് പോലും ഉണ്ടായത്. പിണറായിക്കെതിരായ വി എസ് അച്യുതാനന്ദൻ്റെ പോരാട്ടങ്ങളുടെ കുന്തമുന ഇതേ നന്ദകുമാർ ആണ് എന്നതായിരുന്നൂ അന്നത്തെ പൊതുധാരണ. ലാവലിൻ കേസുമായി ബന്ധപ്പെട്ട വിവിധ കോടതികളിൽ ഇരുന്ന വ്യവഹാരങ്ങളിൽ ജഡ്ജിമാരെ സ്വാധീനിക്കാൻ പോലും വിഎസ്, ഈ ദല്ലാളിനെ ഉപയോഗപ്പെടുത്തി എന്നത് സിപിഎമ്മിൻ്റെ ഉൾപാർട്ടി ചർച്ചകളിലെ പ്രധാന ആശങ്കയായിരുന്നു. പിണറായി അധികാരത്തിൽ എത്തി, വിഎസ് തളർന്നപ്പോൾ അതേ ദല്ലാൾ ഔദ്യോഗിക കേന്ദ്രങ്ങൾക്ക് ഒപ്പം കൂടി എന്നത് സമീപകാല ചരിത്രം.
ഏതായാലും ഈ നന്ദകുമാർ തന്നെയാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് അടുത്ത ദിവസങ്ങളിൽ അതിജീവിതയെ അദ്ദേഹത്തിന് മുന്നിൽ എത്തിച്ചത് എന്നതിന് സിബിഐ റിപ്പോർട്ടിൽ തെളിവുണ്ട്. തുടർന്നാണ് ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു മുന്നോട്ട് പോകുമെന്ന് 2017ൽ പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ ജുഡീഷ്യൽ കമ്മിഷൻ നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ച് ആയിരുന്നു ഈ പ്രഖ്യാപനം. എന്നാലത് നിയമപരമായി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി മുൻ ജഡ്ജി അരിജിത് പസായത് നിയമോപദേശം നൽകിയതോടെ തൽക്കാലം ആ നീക്കം അവിടെ നിന്നു. എന്നാൽ നന്ദകുമാറിൻ്റെ പ്രേരണയിൽ പരാതിക്കാരി വീണ്ടും രംഗത്ത് ഇറങ്ങിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണമായി. സംസ്ഥാന പോലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസഥരുടെ മേൽനോട്ടത്തിൽ തലനാരിഴ കീറി പരിശോധിച്ചിട്ടും തെളിവ് കണ്ടെത്താനായില്ല എന്ന് റിപ്പോർട്ട് കിട്ടിയ ശേഷമായിരുന്നു സർക്കാരിൻ്റെ ഏറ്റവും വലിയ പ്രയോഗം. കേസ് സിബിഐക്ക് വിടുന്നു. അങ്ങനെ ലൈംഗിക പീഡനക്കേസിൽ പ്രതിയായ ഉമ്മൻ ചാണ്ടി ആ അവസ്ഥയിൽ തന്നെ മരിക്കുന്നു. 2022 ഡിസംബറിൽ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് തന്നെ കുറ്റവിമുക്തൻ ആക്കുന്നതാണെന്ന് മാത്രം മരിക്കും മുൻപ് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു. ആരെല്ലാം ചേർന്നാണ് ഈ ചക്രവ്യൂഹം ചമച്ചതെന്ന് ലോകത്തോട് പറയാൻ കഴിയുമായിരുന്ന ഈ റിപ്പോർട്ട് കാണാൻ കഴിയാതെ അദ്ദേഹം പോയി. ഇത്രയും വിശദീകരിച്ചത് നിയമപരമായ കേസിൻ്റെ നാൾവഴികൾ.
ഇനി നിയമത്തിന് പുറത്ത് കേസിൽ നടന്ന ഇടപെടലുകൾ. അതിന് ചുക്കാൻ പിടിച്ച ആളെന്ന നിലയിൽ സിബിഐ അടയാളപ്പെടുത്തിയിരിക്കുന്ന പേരാണ് സി മനോജ് കുമാർ എന്ന ശരണ്യ മനോജിൻ്റെത്. സോളാർ തട്ടിപ്പ് കേസിൽ 2012ൽ അതിജീവിത അറസ്റ്റിലാകുമ്പോൾ അവരുമായി വ്യക്തിബന്ധം ഉണ്ടായിരുന്ന പ്രമുഖ നേതാവ് തന്നോട് എല്ലാം തുറന്നു പറഞ്ഞ് സഹായം തേടി. ജയിലിൽ കിടന്ന് അതിജീവിത കത്ത് എഴുതുന്ന വിവരം അറിഞ്ഞപ്പോൾ ആയിരുന്നു അത്. തുടർന്ന് അവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ സ്വാധീനിച്ച് ഇടപാട് ഉറപ്പിച്ചു. പിന്നീട് ഗണേഷ് കുമാറിൻ്റെ സന്തത സഹചാരിയായ ബി പ്രദീപ് കുമാർ എന്ന കോട്ടയത്തല പ്രദീപിനെ പത്തനംതിട്ട ജയിലിൽ അയച്ച് കത്ത് കൈക്കലാക്കി. തുടർന്ന് അത് നേതാവിൻ്റെ അച്ഛനെ ഭദ്രമായി ഏല്പിച്ചു. തട്ടിപ്പ് കേസിൽ അതിജീവിത ജാമ്യത്തിൽ ഇറങ്ങിയപ്പോൾ നേരെ കൂട്ടിക്കൊണ്ടു വന്ന് രണ്ടു മാസത്തോളം തൻ്റെ വീട്ടിൽ പാർപ്പിച്ചു നേതാക്കളുമായെല്ലാം വിലപേശലിന് അവസരം ഉണ്ടാക്കി. സോളാർ വിഷയത്തിൽ അക്കാലത്ത് പ്രതിസ്ഥാനത്ത് നിന്ന മന്ത്രിമാർ അടക്കം നേതാക്കളെ തൻ്റെ ഫോണിൽ നിന്ന് വിളിച്ച് സംസാരിക്കാൻ സാഹചര്യം ഉണ്ടാക്കി എന്നാണ് അതിജീവിത സിബിഐ ക്ക് നൽകിയ മൊഴിയിൽ പറയുന്നത്. ഒരു ഘട്ടം എത്തിയപ്പോൾ താൻ വഞ്ചിക്കപ്പെടുകയാണ് എന്ന് തോന്നിയെന്നും തുടർന്നാണ് നേരത്തെ എഴുതിയ കത്ത് മറ്റൊരു വഴിക്ക് പുറത്തു വിടാൻ തീരുമാനിച്ചത് എന്നും മൊഴി പറയുന്നു. ഇതിൽ കുറച്ച് കാര്യങ്ങൾ രണ്ടുവർഷം മുൻപ് കോൺഗ്രസിൽ ചേരാൻ തയ്യാറെടുത്ത കാലത്ത് ശരണ്യ മനോജ് പരസ്യമായി പറഞ്ഞെങ്കിലും പറയാതെ വിട്ടവയിൽ ഏറിയ പങ്കും ഒടുവിൽ സിബിഐക്ക് മുന്നിൽ എറ്റ് പറയേണ്ടി വന്നു. ദല്ലാൾ നന്ദകുമാറും ഒത്തുള്ള ഗൂഢാലോചന അടക്കം പലതും അങ്ങനെയാണ് ഈ റിപ്പോർട്ടിലൂടെ പുറത്തു വരാൻ വഴിയുണ്ടായത്.
പിന്നീട് ആ കത്തിന് എന്ത് സംഭവിച്ചു, ഏതെല്ലാം കൈമറിഞ്ഞു, അതിൻ്റെ പേരിൽ എത്ര ലക്ഷങ്ങളുടെ ഇടപാട് നടന്നു തുടങ്ങി എല്ലാ വിവരങ്ങളും അടുത്ത ഘട്ടത്തിൽ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടും. ഈ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ഉള്ള വിശദ റിപ്പോർട്ടുകൾ https://www.madhyamasyndicate.com/ എന്ന വെബ്സൈറ്റിലും ഫേസ് ബുക്ക്, യൂ ടുബ്, ഇൻസ്റ്റാഗ്രാം പേജുകളിലും കാണാം.