രാവിലെ കാശി, ഉച്ചക്ക് ഭുവനേശ്വർ, വൈകിട്ട് നാഗ്പൂർ; നരേന്ദ്രമോദിയുടെ ജന്മദിനം ഇത്തവണ ഈ കേന്ദ്രങ്ങളിൽ

സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനമാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രധാനമന്ത്രിക്ക് ജന്മദിനം പ്രവൃത്തി ദിനമായിരിക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. എന്നാൽ, ഇത്തവണ പതിവിൽനിന്നും വ്യത്യസ്തമായി പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി മൂന്നു നഗരങ്ങളിൽ സന്ദർശനം നടത്തുമെന്നും വിവരമുണ്ട്.
തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽനിന്നായിരിക്കും പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസത്തിലെ യാത്ര തുടങ്ങുക. കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിൽ മോദി ദർശനം നടത്തും. ഉച്ചയ്ക്കുശേഷം ബിജെപി ഭരിക്കുന്ന ഒഡീഷയിൽ എത്തും. അവിടെ ഭുവനേശ്വറിൽ വച്ച് സുഭദ്ര പദ്ധതിയുടെ ആദ്യഗഡു സ്ത്രീകൾക്ക് കൈമാറും. ഒഡീഷയിലെ 21 നും 60 നും ഇടയിൽ പ്രായമുള്ള 1 കോടിയിലധികം സ്ത്രീകൾക്ക് സുഭദ്ര യോജനയുടെ കീഴിൽ അടുത്ത അഞ്ച് വർഷത്തേക്ക് 10,000 രൂപ വാർഷിക സഹായം ലഭിക്കുന്ന പദ്ധതിയാണിത്.
നാഗ്പൂരിലേക്ക് ആയിരിക്കും പിറന്നാൾ ദിവസത്തിലെ മോദിയുടെ അവസാന യാത്രയെന്നാണ് നിലവിലെ വിവരം. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ നാഗ്പൂരിലെ ആദ്യ സന്ദർശനമാണ്. പിഎം വിശ്വകർമ്മ യോജന പദ്ധതി ഒരു വർഷം പൂർത്തിയായതിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികൾ പ്രധാനന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം മോദിയുടെ പിറന്നാൾ ദിനത്തിലാണ് ഈ പദ്ധതിക്ക് തുടക്കമായത്.
എല്ലാ വർഷത്തെയും പോലെ ബിജെപിയും ഇത്തവണ പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്ന് രാജ്യവ്യാപകമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ ആശുപത്രികളിലും സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here