എന്താണ് മയക്കുവെടി, എത്രനേരം കൊണ്ട് മൃഗങ്ങൾ മയങ്ങും; വെടിവയ്ക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം
തിരുവനന്തപുരം: വന്യമൃഗങ്ങൾ കാടിറങ്ങി വരുന്നത് കേരളത്തിൽ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. മുൻപ് ആന മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കടുവയും പുലിയും കരടിയുമെല്ലാം നാട്ടിലേക്ക് വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ ഇവയെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് മടക്കി അയക്കാൻ മയക്കുവെടിയുടെ സഹായം തന്നെ വേണം. വന്യമൃഗങ്ങൾ നാട്ടിലെത്തിയാൽ പിന്നാലെ കേൾക്കുന്നത് മയക്കുവെടി വയ്ക്കണം എന്നതാണ്. അത്രയ്ക്ക് നിസാരമായ ഒന്നാണോ മയക്കുവെടി അല്ലെങ്കിൽ എന്താണ് മയക്കുവെടി.
മൃഗങ്ങളെ മയക്കാൻ ഉപയോഗിക്കുന്ന ഒരു ഇഞ്ചക്ഷനാണ് മയക്കുവെടി. വന്യമൃഗങ്ങളുടെ അടുത്ത് പോയി മരുന്ന് കുത്തിവയ്ക്കാൻ സാധിക്കാത്തത് കൊണ്ട് തോക്കിൽ സിറിഞ്ച് തറപ്പിച്ച് വെടിവയ്ക്കുന്നു. സൈലസിൻ ഹൈഡ്രോക്ലോറൈഡ് (Xylazine Hydrochloride), കീറ്റമിൻ ഹൈഡ്രോക്ലോറൈഡ് (Ketamine Hydrochloride) എന്നീ മരുന്നുകളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. സൈലസിൻ മയക്കാൻ ഉപയോഗിക്കുന്നു. കീറ്റമിൻ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സാധാരണരീതിയിൽ നിലനിർത്താനും സഹായിക്കുന്നു. “മയക്കേണ്ട മൃഗത്തിന്റെ ശരീരഭാരം, പ്രായം, ആരോഗ്യസ്ഥിതി ഇതെല്ലം കണക്കിലെടുത്താണ് മരുന്നിന്റെ അളവ് നിശ്ചയിക്കുക. 4000 കിലോ ഭാരമുള്ള ഒരു മൃഗത്തിന് സാധാരണയായി നാല് മില്ലി മരുന്നാണ് വേണ്ടത്. പക്ഷേ ആരോഗ്യസ്ഥിതി, കാലാവസ്ഥ, ചുറ്റുപാടുമുള്ള ശബ്ദങ്ങൾ, മൃഗത്തിന്റെ സ്വഭാവം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഇത് മാറും”; വനംവകുപ്പിലെ മുൻ വെറ്ററിനറി സർജൻ ഡോ.വി.സുനിൽകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പേശികളിലാണ് ഈ മരുന്ന് കുത്തിവയ്‌ക്കേണ്ടത്. പേശികൾ അയയാൻ ഇത് സഹായിക്കും. ചലനം കുറയും. സാധാരണയായി അരമണിക്കൂർ മുതൽ നാൽപത് മിനിറ്റ് വരെ ഇതിനായി എടുക്കും. മരുന്ന് ശരീരത്തിലെത്തുമ്പോള്‍ മൃഗങ്ങൾ ഓടിയെന്നും ചിലപ്പോൾ ചലിക്കാതെ നിന്നെന്നും വരാം. ഇതെല്ലാം ഓരോ മൃഗത്തിനും വ്യത്യസ്തമായിരിക്കും. പേശികൾ അയയുന്നതിനാൽ പെട്ടെന്ന് വീഴാനും അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സാഹചര്യങ്ങൾ അനുയോജ്യമായാൽ മാത്രമേ മയക്കുവെടി വയ്ക്കാൻ പാടുള്ളു എന്ന് പറയുന്നതെന്നും ഡോ.സുനിൽ പറഞ്ഞു.
കെട്ടിടങ്ങൾ, മരങ്ങൾ, ജലാശയം എന്നിവയാൽ ചുറ്റപ്പെട്ട സ്ഥലമാണെങ്കിൽ മൃഗങ്ങളുടെ ജീവനുവരെ ഹാനി സംഭവിക്കാം. പേശികൾക്ക് ബലം കുറയുന്നതിനാൽ മരങ്ങളിലോ കെട്ടിടങ്ങളിലോ ഇടിച്ചു വീഴാനും വെള്ളത്തിൽ മുങ്ങിപ്പോകാനും സാധ്യതയുണ്ട്. ആനയ്ക്ക് ആണെങ്കിൽ അധികനേരം മുട്ട് മടക്കി ഇരിക്കാനുള്ള കഴിവില്ല. അതുപോലെ തന്നെ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ചെവിയാട്ടി അതിലൂടെ രക്തമൊഴുക്കി ആണ് ശരീര താപം കുറയ്ക്കുന്നത്. മയങ്ങി തുടങ്ങിയാൽ ചെവിയാട്ടൽ നിർത്തും അപ്പോൾ വെള്ളം ചീറ്റി നനച്ചു കൊടുക്കണം. അല്ലെങ്കിൽ ആന ചത്തു പോകും. ഇതുപോലെ മറ്റ് മൃഗങ്ങൾക്കും പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഒരു മണിക്കൂർ വരെ സാധാരണയായി മയക്കം നിൽക്കും. ചിലപ്പോൾ അതിൽ കൂടുതലുമാകാം. ഈ സമയത്തിനുള്ളിൽ വേണ്ട ചികിത്സ നൽകുകയോ അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തേക്ക് മാറ്റുകയോ വേണം. മൃഗങ്ങളുടെ കൃഷ്ണമണി വീർത്തു വരാൻ സാധ്യതയുള്ളതിനാൽ കാഴ്ചക്ക് തകരാർ ഉണ്ടാകാതിരിക്കാനാണ് കണ്ണുകൾ മൂടികെട്ടുന്നത്. വന്യമൃഗങ്ങൾക്ക് മാത്രമല്ല നാട്ടാനകൾക്കും വളർത്തുമൃഗങ്ങൾക്കും ഈ മരുന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ കീറ്റമിൻ ആവശ്യമായി വരില്ല. മൃഗങ്ങളുടെ ശാരീരിക അവസ്ഥക്കനുസരിച്ച് അതിൽ വ്യത്യാസം വരും.
ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവ് നൽകേണ്ടത്. വന്യമൃഗം നാട്ടിലിറങ്ങിയാൽ അതിനെ തിരികെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെടുമ്പോഴാണ് മയക്കുവെടിക്ക് ഉത്തരവ് നൽകുന്നത്. 1972 -ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് മാത്രമേ മയക്കുവെടിക്ക് അനുമതി നൽകാൻ പാടുള്ളു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here