ഗർഭകാലത്ത് പകർച്ചപ്പനികളെ എങ്ങനെ നേരിടാം? മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്ന സമയമാണ് മഴക്കാലം. ഇക്കൂട്ടത്തില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നത് വൈറല്‍ പനിയാണ്. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും പെട്ടെന്ന് പടര്‍ന്നു പിടിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി കുറയുന്നതിനാല്‍ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ വൈറല്‍ പനി ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. ഇത് ന്യൂമോണിയ്ക്ക് കാരണമാകുകയും ജീവഹാനിയിലേക്ക് വരെ നയിക്കുകയും ചെയ്യാവുന്നതാണ്.

ഗർഭകാലം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ ശാരീരിക വ്യതിയാനങ്ങൾ സംഭവിക്കുന്ന സമയമാണ്. ഗർഭിണികളായ സ്ത്രീകൾ പുറത്തു പോയി ജോലി ചെയ്യുന്നവരാണെങ്കിൽ ഈ മഴക്കാലത്ത് പകർച്ചപ്പനി പോലുള്ള രോഗങ്ങളെ എങ്ങനെ തടയാനാകും? നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ്. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. വൈറല്‍ പനി തടയുന്നതിനായി ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഗര്‍ഭിണികള്‍ക്കും ഈ വാക്‌സിന്‍ സ്വീകരിക്കാം.

മറ്റൊരു മഴക്കാല രോഗം ഡെങ്കിപ്പനിയാണ്. ഇത് കൊതുക് പടര്‍ത്തുന്ന രോഗമാണ്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരാതെ ശ്രദ്ധിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. നീളമുള്ള കൈകളുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കിടക്കുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. വെള്ളത്തിലൂടെ പടരുന്ന മറ്റ് അസുഖങ്ങളാണ് മഞ്ഞപ്പിത്തവും എലിപ്പനിയും. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പച്ചക്കറികള്‍ വേവിച്ച് കഴിക്കുക എന്നിവ വളരെ പ്രധാനമാണ്.

കുട്ടികളില്‍ സാധാരണ കാണുന്ന അസുഖങ്ങളാണ് അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല ഇന്‍ഫെക്ഷന്‍ എന്നിവ. കുട്ടികളുമായി അടുത്തിടപഴകുന്നവര്‍ക്കാണ് ഇത് പകര്‍ന്നു കിട്ടുക. ഗര്‍ഭകാലത്ത് റുബെല്ല ഇന്‍ഫെക്ഷന്‍ പോലുള്ള അസുഖങ്ങള്‍ ബാധിക്കുന്നത് വളരെ അപകടകരമാണ്. ഗര്‍ഭിണിയാകുന്നതിന് മുന്‍പാണ് റുബെല്ല വാക്‌സിന്‍ എടുക്കേണ്ടത്. എന്നാൽ ഗർഭകാലത്ത് റുബെല്ല വാക്‌സിന്‍ സ്വീകരിക്കാനാകില്ല. അതിനാല്‍ കുട്ടികളില്‍ നിന്നും അസുഖങ്ങള്‍ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top