ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്, എങ്ങനെ കണ്ടുപിടിക്കാം? ചില വഴികൾ

ഭക്ഷ്യവസ്തുക്കളിലെ വർധിച്ചു വരുന്ന മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്നിധ്യം വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. 5 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കണികകൾ, ഉപ്പ്, പഞ്ചസാര ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ കണ്ടെത്തിയതായി അടുത്തിടെ നടന്നൊരു പഠനം പറയുന്നു. ഇത്തരം കണികകൾ നഗ്നനേത്രങ്ങളാൽ കണ്ടെത്താൻ കഴിയാത്തത്ര ചെറുതാണെങ്കിലും ഭക്ഷണത്തിൽ അവയുടെ സാന്നിധ്യം പരിശോധിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്.

  1. ഹോം മെയ്ഡ് ഡെൻസിറ്റി ടെസ്റ്റ്

വെജിറ്റബിൾ ഓയിൽ, കോൺ സിറപ്പ് അല്ലെങ്കിൽ തേൻ പോലെയുള്ള സാന്ദ്രമായ ദ്രാവകം ഒരു ഗ്ലാസിൽ നിറയ്ക്കുക. അതിനുശേഷം, ഭക്ഷണത്തിന്റെ ഒരു ചെറിയ അളവ് (ഉപ്പ്, പഞ്ചസാര, അല്ലെങ്കിൽ വെള്ളം അല്ലെങ്കിൽ ജ്യൂസ് പോലും) മിശ്രിതത്തിൽ ചേർക്കുക. മിശ്രിതം ഇളക്കുമ്പോൾ മൈക്രോപ്ലാസ്റ്റിക്‌സ് തരികൾ മിശ്രിതത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുകയോ പാളികൾ പോലെ കണികകൾ രൂപപ്പെടുകയോ ചെയ്യും. സാമ്പിൾ മിശ്രിതത്തിനൊപ്പം കലർന്നാൽ അത് മൈക്രോപ്ലാസ്റ്റിക് രഹിതമായിരിക്കുമെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ.നരേന്ദ്ര സിംഗ്ലയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

  1. കോഫി ഫിൽട്ടർ

കോഫി ഫിൽട്ടറോ 0.1-മൈക്രോൺ ഫിൽട്ടറോ ഉപയോഗിക്കുന്നതാണ് മൈക്രോപ്ലാസ്റ്റിക് പരിശോധിക്കുന്നതിനുള്ള മറ്റൊരു മാർഗം. ഫിൽട്ടറിലൂടെ ദ്രാവകം ഒഴിച്ച ശേഷം പരിശോധിക്കുമ്പോൾ മൈക്രോപ്ലാസ്റ്റിക്സ് ചെറിയ കണങ്ങളായി പ്രത്യക്ഷപ്പെടാം. കട്ടിയുള്ള ഭക്ഷണങ്ങളിൽ ഈ രീതി ഫലപ്രദമല്ല. പക്ഷേ, വെള്ളമോ മറ്റ് പാനീയങ്ങളോ പരിശോധിക്കുന്നതിന് ഉപയോഗിക്കാം.

  1. ഷേക്ക് ടെസ്റ്റ്

ഉപ്പ് അല്ലെങ്കിൽ പഞ്ചസാര പോളുള്ളവയിൽ ഈ സിംപിൾ പരിശോധന നടത്താം. ഉപ്പ് അല്ലെങ്കിൽ പഞ്ചസാര കണ്ടെയ്നർ കുലുക്കുക, അവ കുറച്ച് ഇരുണ്ട പ്രതലത്തിലേക്ക് ഇടുക. എന്തെങ്കിലും അസാധാരണമായ കണികകൾ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുക. ചില ചെറിയ കണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൈക്രോപ്ലാസ്റ്റിക്സാണെന്ന് ഉറപ്പിക്കാം.

വീട്ടിൽ ചെയ്യാവുന്ന ഇത്തരം ചില മാർഗങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ സാന്നിധ്യം കണ്ടെത്താമെങ്കിലും അവ പൂർണ്ണമായും വിശ്വസനീയമല്ലെന്ന് ഡോ.സിംഗ്ല മുന്നറിയിപ്പ് നൽകി. ശരിയായ കണ്ടെത്തലുകൾക്കായി ഒരു ലബോറട്ടറിയിലേക്ക് ഭക്ഷണ സാമ്പിളുകൾ അയയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ ഭക്ഷണത്തിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ അളവിനെക്കുറിച്ചും ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top