പത്തനംതിട്ട സിപിഎമ്മില്‍ അച്ചടക്ക നടപടി; എ പത്മകുമാര്‍ അടക്കമുളള നേതാക്കള്‍ക്ക് താക്കീത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ വീഴ്ചയിലാണ് പത്തനംത്തിട്ട സിപിഎമ്മില്‍ അച്ചടക്ക നടപടി. മുന്‍ എംഎല്‍എ എ പത്മകുമാറിനും മുതിര്‍ന്ന നേതാവ് പിബി ഹര്‍ഷകുമാറിനും എതിരെയാണ് അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി ഇരുവരേയും താക്കീത് ചെയ്തു.
തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഐസക്കിന്റെ പ്രചാരണ പ്രവര്‍ത്തനം അവലോകനം ചെയ്യാനായി ചേര്‍ന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയിലാണ് നടപടി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്ന് പത്മകുമാര്‍ ആരോപിച്ചിരുന്നു. ഹര്‍ഷകുമാറിന്റെ നേതൃത്വത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നതായും പത്മകുമാര്‍ ആരോപിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഈ തര്‍ക്കമാണ് കയ്യാങ്കളിയായത്. പാര്‍ട്ടിക്ക് ആകെ നാണക്കേടായ സംഭവത്തില്‍ നടപടി ആവശ്യമാണെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്തെ അച്ചടക്ക നടപടി സിപിഎമ്മില്‍ അപൂര്‍വ്വമാണ്. എന്നാല്‍ സമ്മേളനങ്ങളിലടക്കം വലിയ വിഭാഗീയത ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാന നേതാക്കളായ മന്ത്രി വിഎന്‍ വാസവന്‍, തോമസ് ഐസക്ക് എന്നിവര്‍ പങ്കെടുത്ത ജില്ലാ കമ്മറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കയ്യാങ്കളി എന്ന വാര്‍ത്തകള്‍ സിപിഎം അന്ന് നിഷേധിച്ചിരുന്നു. ഇപ്പോള്‍ താക്കിത് നല്‍കിയ നേതാക്കളെ ഒപ്പമിരുത്തി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ചത്. വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here