മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരെ വിശ്വാസമില്ല; ചികിത്സയെല്ലാം സ്വകാര്യ ആശുപത്രികളില്‍; കൃഷ്ണന്‍ കുട്ടിക്ക് 15 ലക്ഷം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയോ ഡോക്ടര്‍മാരേയോ വിശ്വാസമില്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ഓരോ ദിവസവും സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തു വരുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കായി മന്ത്രിമാരും അവരുടെ കുടുംബാഗംങ്ങളും ലക്ഷങ്ങളാണ് ഖജനാവില്‍ നിന്ന് എഴുതിയെടുക്കുന്നത്. പതിനായിരങ്ങള്‍ വിലയുളള കണ്ണട വാങ്ങല്‍, പല്ലിന് മോടികൂട്ടല്‍ ഇങ്ങനെ എന്തിനും ഏതിനും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നത് ഇടതുപക്ഷ മന്ത്രിമാരുടെ പതിവായി കഴിഞ്ഞു. സാധാരണക്കാരന് സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ചികിത്സ തേടുന്ന കാലത്താണ് സ്വദേശത്തും വിദേശത്തുമുള്ള പഞ്ചനക്ഷത്ര ആശുപത്രികളില്‍ മന്ത്രിമാരും കുടുംബവും ആരോഗ്യ പരിപാലനം നടത്തുന്നത്. സംസ്ഥാനത്തെ പൊതജനാരോഗ്യം ലോകോത്തരമാണെന്ന് മുഖ്യമന്ത്രിയടക്കം വാഴ്ത്തിപാടുമ്പോഴാണ് മന്ത്രിസഭാ അംഗങ്ങളുടെ പഞ്ചനക്ഷത്ര ചികിത്സ. ഒരു പരിശോധനയ്ക്ക് പോലും മന്ത്രിമാര്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെ പോലും ആശ്രയിക്കുന്നില്ല എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. അതിലുപരി മികച്ച അനുഭവ സമ്പത്തും വൈദഗ്ദ്ധ്യവുമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് മന്ത്രിമാരുടെ ഈ സുഖ ചികിത്സകള്‍.

ഏറ്റവും ഒടുവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയ്ക്കും ഭാര്യയ്ക്കും സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ചിലവായ 15 ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള വന്‍കിട സ്വകാര്യ ആശുപത്രികളില്‍ ചികിത്സിച്ചതിനാണ് ഇത്രയും തുക അനുവദിച്ചത്. ഭാര്യയുടെ പല്ല് ചികിത്സ മുതല്‍ മന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയ ചികിത്സ തേടിയതിന്റെ വരെ ബില്ലുകള്‍ എഴുതിയെടുത്തിട്ടുണ്ട്. 2019 മുതല്‍ 2023 ജൂണ്‍ വരെ വിവിധ ഘട്ടങ്ങളിലായി മന്ത്രിയും ഭാര്യയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിതനാണ് ഖജനാവില്‍ നിന്ന് പണം അനുവദിച്ചത്. ചെന്നൈ അപ്പോളോ, കൊയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്റര്‍, കൊച്ചി അമൃത, പാലക്കാട് ലക്ഷ്മി, ചിറ്റൂര്‍ ഡെന്റല്‍ കെയര്‍ എന്നീ സ്വകാര്യ ആശുപത്രികളിലാണ് മന്ത്രയും ഭാര്യയും ചികിത്സ തേടിയത്. അപ്പോളോ ആശുപത്രിയില്‍ നാല് ദിവസം ചികിത്സ തേടിയതിന് മന്ത്രി കൃഷ്ണന്‍ക്കുട്ടിക്ക് 8,44,274 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ അമേരിക്കയിലെ മയോ ക്ലീനിക്കിലെ ചികിത്സയ്ക്ക് 72 ലക്ഷം രൂപയും ഭാര്യ കമല വിജയന്റെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
മന്ത്രി ശിവന്‍കുട്ടിയും ഭാര്യ പാര്‍വ്വതി ദേവിയും തലസ്ഥാനത്തെ കിംസ്, ജ്യോതിദേവ് ഡയബറ്റിക് സെന്റര്‍ എന്നീ ആശുപത്രികളില്‍ ചികിത്സ തേടിയതിന് 10,12,894 (പത്ത് ലക്ഷത്തി പന്ത്രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി നാല്) രൂപ ഖജനാവില്‍ നിന്ന് അനുവദിച്ചതിന്റെ രേഖകള്‍ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിട്ടിരുന്നു. അഞ്ച് ഉത്തരവുകളിലായാണ് ഈ തുക അനുവദിച്ചത്. മന്ത്രി ആന്റണി രാജു, ഭാര്യ, മകന്‍, മകള്‍, അമ്മ, എന്നിവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതിന് 3 ലക്ഷം രൂപയാണ് അനുവദിച്ചത്. തദ്ദേശ മന്ത്രി എം.ബി രാജേഷും ഭാര്യ നിനിത കണിച്ചേരിയും ചികിത്സ തേടിയത് കൊച്ചിയിലെ ലിസി ഹോസ്പിറ്റലാണ്. 2.45 ലക്ഷം രൂപയാണ് ഇരുവരുടേയും ചികിത്സക്കായി ഖജനാവില്‍ നിന്ന് ചിലവഴിച്ചത്. മന്ത്രി ആര്‍. ബിന്ദു പല്ലിനും കണ്ണിനും ചികിത്സയ്ക്ക് പോയത് സ്വകാര്യ ആശുപത്രിയിലാണ്. ഇതിനുള്ള പണവും ഖജനാവില്‍ നിന്നാണ് നല്‍കിയത്. 30500 രൂപയുടെ കണ്ണടയാണ് മന്ത്രി ഉപയോഗിക്കുന്നത്. ഈ തുകയും ഖജനാവില്‍ നിന്നും മന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് രാജ്യത്ത് ആദ്യമായി സോഷ്യല്‍ ഓഡിറ്റിങ്ങ് തുടങ്ങിയ സംസ്ഥാനം കേരളമാണെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് മന്ത്രിമാര്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ഉപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്നത്. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന ഖ്യാതിയുളള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും അവിടുത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരും ഉളളപ്പോഴാണ് മന്ത്രിമാരും അവരുടെ കുടുംബാഗംങ്ങളും പഞ്ച നക്ഷത്ര ആശുപത്രികളില്‍ ചികിത്സ തേടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top