ഐസ്ക്രീമില്‍ വിരല്‍ കണ്ടെത്തി; യമ്മോ കമ്പനിക്കെതിരെ മുംബൈയിൽ പരാതി; മനുഷ്യവിരൽ ഫോറൻസിക് പരിശോധനക്ക് അയച്ച് മലാഡ് പോലീസ്

ഓണ്‍ലൈന്‍ വഴി വാങ്ങിയ കോണ്‍ ഐസ്ക്രീമില്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത മുംബൈയിൽ നിന്നാണ്. യമ്മോ ബട്ടർ സ്‌കോച്ച് കോണ്‍ ഐസ്ക്രീമിലാണ് രണ്ട് സെന്റിമീറ്റര്‍ നീളമുള്ള മനുഷ്യ വിരലിന്റെ കഷണം ലഭിച്ചത്. ഓൺലൈൻ ഡെലിവറി ആപ്പായ സെപ്‌റ്റോ വഴി മുംബൈ മലാഡിലെ കുടുംബം ഓര്‍ഡര്‍ ചെയ്ത ഐസിലാണ് വിരല്‍ കണ്ടത്. കഴിക്കുന്നതിനിടെയാണ് ഇത് കിട്ടിയത് എന്നതാണ് അതീവ ദാരുണമായത്.

ബ്രൻഡൻ സെറാവോ എന്ന 27കാരൻ ഡോക്ടർക്ക് വേണ്ടി സഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. ഡോക്ടർ ഇത് കഴിക്കുമ്പോൾ കട്ടിയുള്ള എന്തോ വസ്തുവിൽ കടിച്ചെന്ന് തോന്നിയാണ് വായിൽ നിന്ന് പുറത്തെടുത്ത് നോക്കിയത്. വിരല്‍ കണ്ടതോടെ ഉടന്‍ പോലീസിൽ വിവരം അറിയിച്ചു. ഒരു സ്ത്രീയുടെ പരാതിയിൽ മലാഡ് പോലീസ് കേസെടുത്തതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിരൽ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഐസ്ക്രീം നിര്‍മാണശാലയിൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതികരണത്തിന് ഐസ്ക്രീം കമ്പനി തയ്യാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here