പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഇടപെടില്ല; മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
എറണാകുളം : മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് മനുഷ്യവകാശ കമ്മീഷന്‍. തുടര്‍പഠനയോഗ്യത അനുവദിക്കാതെ നല്‍കിയ ടി.സി. പിന്‍വലിച്ച് പഠനം പുനരാരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ നല്‍കണമെന്ന ആവശ്യത്തിലാണ് ഇടപെടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്. പരാതിയില്‍ ഇടപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥ് ഉത്തരവില്‍ പറഞ്ഞു. കണ്ണൂര്‍ മാമംഗലം സ്വദേശി കെ. ഹരികൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയ ശേഷമാണ് ഉത്തരവിറക്കിയിരിക്കുന്നത്.
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ പരാതിക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 മേയ് 16 ന് ടി. സി. നല്‍കി പുറത്താക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എം..എ. പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് പരാതിക്കാരന്‍. കേസില്‍ പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെയും ഡിസ്മിസല്‍ ഉത്തരവ്, ടി. സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ പരാതിക്കാരനായ കെ. ഹരികൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയില്ല. ഇദ്ദേഹത്തിന്റെ ടി. സിയും സ്വഭാവ സര്‍ട്ടിഫിക്കേറ്റും എം. ജി. സര്‍വ്വകലാശാലാ രജിസ്ട്രാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഡിസ്മിസല്‍ ഉത്തരവിന്റെ പകര്‍പ്പ് എം. ജി. യൂണിവേഴ്‌സിറ്റി വി. സി യ്ക്ക് 2017 ജൂലൈ 10 ന് അയച്ചിട്ടുണ്ട്. ഔദ്യോഗിക കസേര കത്തിക്കല്‍ സംഭവത്തില്‍ നാലു അന്വേഷണ കമ്മീഷനുകള്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരാതിക്കാരന് അയച്ചുകൊടുത്തെങ്കിലും മറുപടി ഹാജരാക്കിയില്ല. തുടര്‍ന്നാണ് പരാതി തീര്‍പ്പാക്കിയതെന്നും പ്രിന്‍സിപ്പല്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് പരാതിയില്‍ ഇടപെടില്ലെന്ന് കമ്മീഷന്‍ ഉത്തരവിറക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here