ആത്മഹത്യ തടയാന്‍ പോലീസില്‍ അംഗബലം കൂട്ടണം; ഡിജിപിയോട് മനുഷ്യാവകാശ കമ്മിഷൻ

സംസ്ഥാനത്ത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ജോലി സമ്മര്‍ദ്ദം കാരണമുള്ള ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌ക്കരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ കെ . ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കി.
സേനയിലെ അംഗബലം കുറവായതിനാല്‍ പോലീസുദ്യോഗസ്ഥര്‍ക്ക് വിശ്രമവും അര്‍ഹമായ അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മര്‍ദ്ദം കൂടിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഇത് പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. കൂടാതെ പോലീസില്‍ നിന്നും സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കുന്നവരുടെ എണ്ണവും കൂടി വരികയാണ്. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാല്‍ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജനസാന്ദ്രതക്ക് അനുസരിച്ച് അംഗബലം പരിഷ്‌ക്കരിച്ചാല്‍ മാത്രമേ ക്രമസമാധാന ചുമതലകള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. വി.ഐ.പി. ഡ്യൂട്ടിക്ക് പോലീസുദ്യോഗസ്ഥര്‍ പോകുമ്പോള്‍ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങള്‍ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പോലീസ് സേനയിലെ ആതമഹത്യ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here