കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ വിവാദ പരാമര്‍ശത്തിന് കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍; 15 ദിവസത്തിനകം സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം
തൃശൂർ: കടുത്ത ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം ജൂനിയര്‍ സത്യഭാമയ്ക്കെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിവാദ പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.
ഡോ.ആര്‍എല്‍വി രാമകൃഷ്ണനെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണമെന്നും, കാക്കയുടെ നിറമുള്ള ഇയാളെ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ലെന്നും മറ്റുമുള്ള പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്. സംഭവം വിവാദമായി പൊതുജനവും മാധ്യമങ്ങളും ഏറ്റെടുത്തെങ്കിലും അധിക്ഷേപ പ്രസ്താവന ആവര്‍ത്തിച്ച് അവർ വീണ്ടും രംഗത്തെത്തി. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സത്യഭാമയെ തള്ളി കേരള കലാമണ്ഡലം കുറിപ്പിറക്കി. ഒരു പരിഷ്കൃത സമൂഹത്തിനും ചേരാത്ത തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് വൈസ് ചാന്‍സലര്‍ ബി.അനന്തകൃഷ്ണന്‍ അറിയിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here