പോളിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; ചികിത്സ വൈകിയെന്ന് ആരോപണം

മാനന്തവാടി: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച വനംവകുപ്പ് വാച്ചര്‍ പോളിന് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്‌ടറും വയനാട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംങ് ചെയർപെഴ്സണ്‍ കെ.ബൈജുനാഥ് പറഞ്ഞു.

കുറുവ ദ്വീപ് ഇക്കോടൂറിസം കേന്ദ്രത്തിലെ ഗൈഡ് വാച്ചർ പാക്കം വെള്ളച്ചാലിൽ പോൾ ആണ് ഇന്നലെ ഡ്യൂട്ടിക്കിടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സംഭവം നടന്നത് രാവിലെ 9:30 നാണ്. ഉടൻ തന്നെ പോളിനെ മാനന്തവാടി ആശുപത്രിയിലെത്തിച്ചെന്നും എന്നാൽ അവിടെ നിന്ന് രണ്ട് മണിക്കാണ് കോഴിക്കോട് മെഡിക്കൽ കോളജില്‍ എത്തിച്ചതെന്നും മകൾ പറഞ്ഞു. യഥാസമയം ചികിത്സ നൽകിയിരുന്നെങ്കിൽ പിതാവ് മരിക്കില്ലെന്നും മകള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസ് എടുത്തത്. അടുത്ത മാസം വയനാട്ടിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വയനാട്ടില്‍ രണ്ടുപേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഫെബ്രുവരി 10നാണ് മാനന്തവാടിയിൽ കർഷകനായ അജീഷിനെ കാട്ടാന ചവിട്ടി കൊന്നത്. തൊട്ടടുത്ത ദിവസം അതിനടുത്തായി പുലി ഇറങ്ങുകയും വഴിയാത്രക്കാരിയായ വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അജീഷിനെ കൊന്ന ബേലൂർ മഖ്നയെ പിടികൂടാൻ ഒരാഴ്ചയായി വനംവകുപ്പ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ബേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴ കൂടി ഉണ്ടെന്നത് ദൗത്യസംഘത്തിന് വെല്ലുവിളിയാണ്. പോളിന്റെ മരണത്തെ തുടർന്ന് വയനാട്ടിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. പോളിന്‍റെ മൃതദേഹം പുല്‍പ്പള്ളി ബസ്‌സ്റ്റാന്റില്‍ എത്തിച്ചായിരുന്നു ജനരോഷം. വനംവകുപ്പിനും പോലീസിനും നേരെ ആളുകൾ തിരിഞ്ഞതോടെ പ്രദേശത്ത് വലിയതോതിൽ സംഘർഷം ഉണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top