ഭക്ഷണത്തിൽ തുപ്പിയാൽ നടപടി; ഭക്ഷ്യ വസ്തുക്കളിലെ മനുഷ്യവിസർജ്യം അറപ്പുളവാക്കുന്നു; ഭക്ഷണശാലകളെ അടിമുടി മാറ്റാന്‍ യോഗി

സംസ്ഥാനത്ത് ഭക്ഷണസാധനങ്ങളിൽ തുപ്പുകയും മൂത്രം കലർത്തുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കർശന ഉത്തരവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭക്ഷണങ്ങളിലെ മനുഷ്യവിസർജ്യത്തിൻ്റെ സാന്നിധ്യം അറപ്പുളവാക്കുന്നതാണ്. ഭക്ഷ്യവസ്തുക്കളിൽ മനുഷ്യ മാലിന്യവും മായവും ചേർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ലഖ്‌നൗവിൽ നടന്ന ഉന്നതതല യോഗത്തിൽ യോഗി ഉത്തരവിട്ടു.

ജ്യൂസ്, പയറുവർഗ്ഗങ്ങൾ, റൊട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മനുഷ്യവിസർജ്യം അടക്കമുള്ള മായം കലർത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭക്ഷണശാലകളിലും ഉടമസ്ഥരുടെയും മാനേജർമാരുടെയും ജീവനക്കാരുടെ പേരും വിലാസവും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും സിസിടിവികൾ സ്ഥാപിക്കണം. പാചകക്കാരും വെയിറ്റർമാരും മാസ്‌കും കയ്യുറകളും ധരിക്കണമെന്നും യോഗി ഉത്തരവിട്ടു.


സഹരൻപൂരിൽ റൊട്ടികൾ നിർമിക്കുന്നതിനിടയിൽ ഒരു കൗമാരക്കാരൻ തുപ്പുന്ന വീഡിയോ വൈറലായിരുന്നു. ഗാസിയാബാദിൽ ജ്യൂസിൽ മൂത്രം കലർത്തി വിൽപന നടത്തിയതിനെ തുടർന്ന് കടയുടമയേയും ജീവനക്കാരനെയും പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കടയിൽ പോലീസ് സംഘം നടത്തിയ പരിശോധനയിൽ മൂത്രം നിറച്ച ഒരു പ്ലാസ്റ്റിക് കാനും കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ഗുരുതരവും സാധാരണക്കാരൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. അതിനാൽ അത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാന വ്യാപകമായി ഇതിനെതിരെ പ്രചാരണം നടത്തും.സംസ്ഥാനത്തെ ഭക്ഷണശാലകളിൽ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. ധാബകൾ, റെസ്റ്റോറൻ്റുകൾ, ഭക്ഷണ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അവിടെയുള്ള ഓരോ ജീവനക്കാർക്കും പോലീസ് വെരിഫിക്കേഷൻ നടത്തും. ഭക്ഷ്യ വസ്തുക്കളുടെ പരിശുദ്ധിയും പവിത്രതയും ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top