ബൈക്ക് എടുക്കാനാണ് പോയത്, പിന്നെ തിരികെ വന്നില്ല; 34 കാരന്റെ ജീവനെടുത്ത് എയർ ഷോ ദുരന്തം

വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി ചെന്നൈയിലെ മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ അഞ്ചുപേരാണ് കൊടും ചൂടിൽ കുഴഞ്ഞു വീണ് മരിച്ചത്. ഇക്കൂട്ടത്തിലൊരാൾ 34 വയസുകാരനായ കാർത്തികേയനായിരുന്നു. ഭാര്യയ്ക്കും രണ്ടു വയസുള്ള മകനുമൊപ്പമാണ് കാർത്തികേയൻ എയർ ഷോ കാണാനെത്തിയത്. എന്നാൽ, എയർ ഷോ അവസാനിച്ചപ്പോൾ കാർത്തികേയന് തന്റെ ജീവനാണ് നഷ്ടമായത്.
13 ലക്ഷത്തിലേറെ പേരാണ് എയർ ഷോ കാണാൻ മറീന ബീച്ചിലേക്ക് ഒഴുകി എത്തിയത്. എയർ ഷോ കഴിഞ്ഞതും ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങി. കാർത്തികേയൻ ഭാര്യയെയും മകനെയും അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട് ഒരു കിലോമീറ്റർ അകലെ പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ പോയി. ബൈക്കിന് സമീപത്ത് എത്തുന്നതിനു മുൻപേ കനത്ത ചൂടിനെ തുടർന്ന് തളർന്നു വീഴുകയായിരുന്നു.
”ബൈക്ക് എടുക്കാനാണ് അദ്ദേഹം പോയത്. ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. രണ്ടു മണിക്കൂറോളം ഞാൻ കാത്തിരുന്നു. തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് 3.15 ഓടെ, ഒരാൾ കോൾ അറ്റൻഡ് ചെയ്തു. കാർത്തികേയൻ കുഴഞ്ഞുവീണുവെന്നും സംഭവസ്ഥലത്ത് എത്താൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു,” ശിവരഞ്ജനി ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
”ഞാൻ അവിടെ എത്തുമ്പോൾ അദ്ദേഹം നിലത്ത് കിടക്കുകയായിരുന്നു. ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അപ്പോഴേക്കും മരിച്ചിരുന്നു. അദ്ദേഹത്തിന് എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. മരണ കാരണം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്,” ശിവരഞ്ജനി പറഞ്ഞു.
എയർ ഷോ കാണാൻ വൻ ജനക്കൂട്ടം എത്തിയതോടെ നിയന്ത്രണങ്ങൾ പാളിയതാണ് അപകടത്തിന് ഇടയാക്കിയത്. എയര്‍ ഷോ കഴിയാറായപ്പോള്‍ ജനങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങിയതോടെ റോഡുകളില്‍ തിക്കുംതിരക്കും നിയന്ത്രണാതീതമായി. കനത്ത ചൂടില്‍ കുടിവെള്ളവിതരണംപോലും ഇല്ലാതിരുന്നതും ജനങ്ങളെ വലച്ചു. നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here