ജോലി ഇല്ലെങ്കിലും ഭാര്യക്ക് ജീവനാംശം കൊടുക്കണം; കൂലിപ്പണി എടുത്ത് ജീവിക്കാന്‍ നിർദേശിച്ച് കോടതി

ലഖ്‌നൗ: ഭര്‍ത്താവിന് ജോലിയില്‍ നിന്ന് വരുമാനം ഇല്ലെങ്കില്‍പോലും ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്ന് അലഹബാദ്‌ ഹൈക്കോടതി. കൂലിപ്പണി ഉണ്ടെങ്കില്‍ ദിവസം 300- 400 രൂപ സമ്പാദിക്കാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. വിവാഹബന്ധം വേര്‍പിരിഞ്ഞ ഭാര്യക്ക് പ്രതിമാസം 2000 രൂപ നല്‍കണമെന്ന കുടുംബക്കോടതി ഉത്തരവിനെതിരെ യുവാവ് നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ്‌ ഹൈകോടതിയുടെ ഈ നിരീക്ഷണം.

ജസ്റ്റിസ് രേണു അഗർവാള്‍ അധ്യക്ഷത വഹിച്ച ബഞ്ചാണ് ഉത്തരവിട്ടത്. 2015നാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ടതോടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്ത യുവതി 2016ല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. തൻ്റെ ഭാര്യ ബിരുദധാരിയാണെന്നും അധ്യാപന ജോലിയിലൂടെ പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും യുവാവ് ഹൈക്കോടതിയിൽ ഉന്നയിച്ചു. താന്‍ ഒരു കൂലിപ്പണിക്കാരനാണ്. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. മാതാപിതാക്കളുടെയും സഹോദരിമാരുടെയും ഏക ആശ്രയം താന്‍ ആണെന്നും വാടകവീട്ടിലാണ് താമസമെന്നും യുവാവ് പറഞ്ഞു.

എന്നാല്‍ ഭാര്യയുടെ വരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ യുവാവിന് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. യുവാവ് ആരോഗ്യവാനാണെന്നും പണിയെടുത്ത് ജീവിക്കാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി. മാതാപിതാക്കളും സഹോദരിമാരും തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന വാദം കോടതി അംഗീകരിച്ചില്ല.

ഭര്‍ത്താവിന് ജോലിയില്‍ നിന്ന് വരുമാനമില്ലെന്ന് കണ്ടെത്തിയാല്‍ പോലും ഭാര്യക്ക് ജീവനാംശം നൽകാൻ അയാൾ ബാധ്യസ്ഥനാണെന്ന് 2022ലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top