പുരികം ത്രെഡ് ചെയ്ത ഭാര്യയെ വീഡിയോ കോൾ വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്

ലക്‌നൗ: പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കാൻപൂർ സ്വദേശിനി ഗുൽസബയെയാണ് സൗദിയിലുള്ള ഭർത്താവ് വീഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലിയത്. ഭർത്താവ് സലീമിനെതിരെ യുവതി പോലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ഒക്ടോബർ നാലിനാണ് സംഭവം.
ഭർത്താവിന്റെ സമ്മതമില്ലാതെ യുവതി പുരികം ത്രെഡ് ചെയ്തിരുന്നു. വീഡിയോകോൾ വിളിച്ചപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സലീം തലാഖ് ചൊല്ലിയത്. ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനും ഭർതൃമാതാവിനും മറ്റുളവർക്കുമെതിരെയാണ് പരാതി നൽകിയത്.
2022ലാണ് ഗുൽസബയും സലീമുമായുള്ള വിവാഹം നടന്നത്. ഭർത്താവ് സൗദിയിലേക്ക് മടങ്ങിപ്പോയത് മുതൽ ഭർതൃവീട്ടുകാർ സ്ത്രീധനത്തെച്ചൊല്ലി ഉപദ്രവിച്ചിരുന്നെന്ന് ഗുൽസബ പോലീസിൽ മൊഴി നൽകി. മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 2017ൽ മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here