പോൺ നിർമ്മാണവുമായി ബന്ധപ്പെട്ട് ശില്പാ ഷെട്ടിയുടെ ഭർത്താവിൻ്റെ വീട്ടിൽ ഇഡി; രാജ് കുന്ദ്രയുടെ വീടുകളിൽ പരിശോധന
ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വസതികളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് റെയ്ഡ് എന്നാണ് റിപ്പോർട്ടുകൾ. 2021ൽ കുന്ദ്രയ്‌ക്കെതിരെ അശ്ലീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം.
ഐടി നിയമത്തിലെ വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകളും ചുമത്തി റജിസ്റ്റർ ചെയ്ത കേസിൽ 2021 ജൂലൈയിൽ മുംബൈ ക്രൈംബ്രാഞ്ച് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷം ഏപ്രിലിൽ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണു കണ്ടുകെട്ടിയത്. പുണെയിലെ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികൾ തുടങ്ങിയവയും കണ്ടുകെട്ടിയിരുന്നു. വ്യാജവാഗ്ദാനം നൽകിയ രാജ് കുന്ദ്ര 2017ൽ 6,600 കോടി രൂപ മൂല്യമുള്ള ബിറ്റ്കോയിനുകൾ സമാഹരിച്ചെന്നായിരുന്നു ആരോപണം. മഹാരാഷ്ട്രയിലും ഡൽഹിയിലും പോലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ നടപടി. വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് ബിറ്റ്കോയിൻ തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here