ഭര്‍ത്താവിനെതിരെ തോന്നുംപടി ബലാത്സംഗം ചുമത്താന്‍ ഭാര്യക്കാവില്ല; വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമുള്ള ബന്ധം പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി

വിവാഹം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്. മതാചാരപ്രകാരം വിവാഹം നടത്താമെന്ന വാഗ്ദാനം നടത്തിയില്ല എന്നതുകൊണ്ട് മാത്രം ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
നിയമാനുസൃതം വിവാഹം കഴിച്ച 26 കാരനായ ഭര്‍ത്താവിനെതിരെ, ആചാരപ്രകാരമുള്ള വിവാഹ വാഗ്ദാനം പാലിച്ചില്ലെന്നും തന്നെ ബലാത്സംഗം ചെയ്തു എന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഭാര്യ നല്‍കിയ പരാതിയില്‍ ഗോവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2022ല്‍ ഇരുവരും രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. മതാചാരപ്രകാരം വിവാഹം നടത്തണമെന്ന് ഭാര്യ വീട്ടുകാരുടെ സമ്മര്‍ദവും ഉണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്തൃപിതാവിന്റെ അസുഖം മൂലം വാഗ്ദാനം ചെയ്ത സമയത്ത് ഇത് നടത്താന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ ഭാര്യക്ക് ഏഞ്ചലോ എന്ന വ്യക്തിയുമായി അടുപ്പമുണ്ടെന്ന കാര്യം ഭര്‍ത്താവ് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പല പുരുഷന്മാരുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന വിവരവും കണ്ടെത്തിയതോടെ തര്‍ക്കങ്ങളുണ്ടായി. ഈ ഘട്ടത്തിലാണ് ഭാര്യ പോലീസില്‍ ബലാത്സംഗ പരാതി നല്‍കിയത്. എഫ്ഐആര്‍ ഇടുകയും ചെയ്തു. ഇത് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു ഘട്ടത്തില്‍ പോലും ഭാര്യയെ ചതിക്കണമെന്ന ഉദ്യേശത്തോടെ പരാതിക്കാരന്‍ സമീപിച്ചിട്ടില്ല. ഭാര്യയുടെ പൂര്‍ണ സമ്മതത്തോടും താല്‍പര്യത്തോടുമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പരസ്പര വിശ്വാസത്തോടും ഉത്തമ ധാരണകളോടുമാണ് ഇവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്. മതാചാരപ്രകാരം വിവാഹം നടത്താത്തതു കൊണ്ട് അയാള്‍ ബലാത്സംഗം നടത്തിയെന്ന് ആരോപിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി.

മതാചാരപ്രകാരമുള്ള വിവാഹം നടത്തിയില്ലെന്ന ആരോപണം ഉണ്ടായത് തന്നെ ഭാര്യയുടെ പരപുരുഷന്‍മാരുമായുളള ബന്ധങ്ങള്‍ ഭര്‍ത്താവ് കണ്ടെത്തിയ ശേഷമാണ് എന്നും കോടതി വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പരാതിക്കാരനെതിരെ ഭാര്യ ഉന്നയിച്ച കുറ്റങ്ങള്‍ ഒന്നും നിലനില്‍ക്കുകയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here