നവോത്ഥാന സമിതിയില്‍ പൊട്ടിത്തെറി; ഹുസൈൻ മടവൂർ വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു; ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വെള്ളാപ്പള്ളി പിന്‍വലിക്കണമെന്ന് മടവൂര്‍
കോഴിക്കോട്: കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സ്ഥാനം രാജിവച്ചു. മുസ്‌ലിം സമുദായം സർക്കാരിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് രാജി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയമാണ് നവോത്ഥാന സമിതിയിലും പൊട്ടിത്തെറിക്ക് ഇടയാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രതികരണവും ഹുസൈന്‍ മടവൂരിന്റെ രാജിയും ഇതിന്റെ പ്രതിഫലനമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
” ഇടതു സർക്കാർ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവസമുദായം ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. പ്രസ്താവന പിൻവലിക്കണം. വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണെങ്കിൽ മുസ്ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളിൽ സർക്കാർ അവഗണിച്ചുവെന്നാണ് മുസ്ലിം സമുദായത്തിന്റെ പരാതി.”
“സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കോച്ചിങ് സെന്ററുകള്‍, ആരാധനാലയ നിർമാണത്തിന്നുള്ള തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മുസ്‌ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. മുസ്‌ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കേ ഉപകാരപ്പെടുകയുള്ളു. ജെന്റര്‍ ന്യൂട്രാലിറ്റി- എൽജിബിറ്റി സംസ്കാരങ്ങൾ സ്കൂൾ കുട്ടികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ സമുദായം തള്ളിക്കളഞ്ഞതാണ്.” – ഹുസൈൻ മടവൂർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here