‘ഹിപ്‌നോട്ടിസം’ പരീക്ഷിച്ചു; മൂന്ന് പെണ്‍കുട്ടികള്‍ അടക്കം നാല് വിദ്യാര്‍ത്ഥികള്‍ ബോധമറ്റ് വീണു
യുട്യൂബിൽ നോക്കി ‘ഹിപ്‌നോട്ടിസം’ പരീക്ഷിച്ച നാല് വിദ്യാർത്ഥികൾ ബോധമറ്റ് വീണു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വി.കെ.രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.പത്താം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് കുഴഞ്ഞുവീണത്. ഇതോടെ ആശങ്കയായി.
വിദ്യാർത്ഥികൾ വിവരമറിയിച്ചതിനെത്തുടർന്ന് പ്രധാനാധ്യാപികയും അധ്യാപകരും സ്ഥലത്തുണ്ടായിരുന്ന പിടിഎ പ്രസിഡന്റും ഓടിയെത്തി കുട്ടികളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നിരീക്ഷണത്തിനുശേഷം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതോടെ മൂന്ന് കുട്ടികളെ വിട്ടയച്ചു.
ഒരു കുട്ടിയെ വിദഗ്‌ധചികിത്സയ്ക്കായി എആര്‍ ആശുപത്രിയിലേക്ക് മാറ്റി. ഈ കുട്ടിയെയും പിന്നീട് വീട്ടുകാരോടൊപ്പം വിട്ടയച്ചു. കുറച്ചുദിവസങ്ങളായി വിദ്യാർഥികൾ സ്വയം ‘ഹിപ്‌നോട്ടിസ’ത്തിന് വിധേയമാകുന്ന സംഭവങ്ങൾ ക്ലാസ്‌മുറികളിൽ നടക്കുന്നുണ്ടെന്ന് പറയുന്നു.
വെള്ളിയാഴ്‌ച ഇടവേളയിൽ കുട്ടികൾ ‘ഹിപ്‌നോട്ടിസം’ സ്വയം പരീക്ഷിക്കുകയായിരുന്നു. ശ്വാസം പുറത്തുവിടാതെ കുനിഞ്ഞുനിന്നു. പിന്നീട് കഴുത്തിൽ ഇരുഭാഗത്തുമുള്ള ഞരമ്പുകളിൽ മുറുക്കിപ്പിടിച്ചു. ഈ രീതിയിലാണ് പരീക്ഷണം നടത്തിയത്. ഇത് കണ്ടുനിന്ന മൂന്നുപേരാണ് ആദ്യം കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കഴുത്ത് ഞെക്കിപ്പിടിച്ച മറ്റൊരു പെൺകുട്ടി അബോധാവസ്ഥയിലായി.
സ്വയം ഹിപ്‌നോട്ടിസം ചെയ്യുന്നത് കണ്ട് മാനസികസമ്മർദം താങ്ങാനാകാതെയാണ് കുട്ടികൾ കുഴഞ്ഞുവീണതെന്നാണ് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. ഇത്തരം പരീക്ഷണങ്ങൾ വലിയ അപകടത്തിലേക്ക് വഴിവയ്ക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ അടിയന്തര പിടിഎ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here