‘ഞാനും മൊഴി കൊടുത്തതാണ്’; ഹേമ കമ്മിഷൻ റിപ്പോർട്ട് നാളെ പുറത്ത് വിടുന്നതിന് എതിരെ നടി രഞ്ജിനി

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിന് എതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി. നടി രഞ്ജിനിയാണ് ഇന്ന് കോടതിയെ സമീപിച്ചത്. പരസ്യപ്പെടുത്തുന്ന ഭാഗങ്ങളുടെ പകർപ്പ് മൊഴി നൽകിയവർക്ക് നൽകി സ്വകാര്യതാ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നാണ് നടിയുടെ ആവശ്യം. താനും മൊഴി കൊടുത്തിട്ടുണ്ടെന്ന് താരം ഹർജിയിൽ ചൂണ്ടിക്കാട്ടി.

നാളെ റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്താനിരിക്കെ സമർപ്പിച്ച ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. മുമ്പ് കോടതിയെ സമീപിക്കാത്ത നടിക്ക് റിപ്പോർട്ട് പുറത്തുവിടണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാം എന്ന് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും. നേരത്ത വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം റിപ്പോർട്ട് പുറത്തു വിടാനിരുന്ന ദിവസം നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിൽ കോടതി താല്ക്കാലികമായി സ്റ്റേ നൽകിയിരുന്നു. കമ്മിഷനോട് വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

കേസിൽ വിശദമായ വാദം കേട്ട കോടതി നിർമാതാവിൻ്റെ ആവശ്യം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ചയ്ക്കകം പരസ്യപ്പെടുത്താൻ ഉത്തരവിടുകയായിരുന്നു. വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മിഷന്‍റെ ഉത്തരവില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. റിപ്പോർട്ട് എങ്ങനെയാണ് സജിമോനെ ബാധിക്കുന്ന് ഹർജിയിൽ വിശദീകരിച്ചിട്ടില്ല എന്ന വിമർശനവും കോടതി നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷന് മൊഴി കൊടുത്തവരിൽ ഒരാൾ തന്നെ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

ചലച്ചിത്ര രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ്‌ ഹേമ കമ്മിഷന്‍. മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ രൂപീകരിച്ചത്. 2019 ഡിസംബറിൽ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top