“വിഗതകുമാരൻ കത്തിച്ച് കളഞ്ഞത് ഞാൻ”: ജെ.സി.ഡാനിയലിന്റെ ജന്മവാർഷികത്തിൽ തുറന്ന് പറഞ്ഞ് മകൻ

തിരുവനന്തപുരം: ജെ.സി.ഡാനിയലിനെക്കുറിച്ച് പറയാതെ മലയാള സിനിമാ ചരിത്രം പൂർത്തിയാകില്ല. എന്നാൽ വിഗതകുമാരന് ശേഷമുള്ള മലയാള സിനിമയുടെ പിതാവിന്റെ ജീവിതം സിനിമപോലെ വിചിത്രമാണ്. സ്വന്തം സ്വത്തിന്റെ നല്ലൊരു പങ്കും സിനിമയ്ക്കായി ചിലവിട്ടിട്ടും ചിത്രം പരാജയമായി. 108 ഏക്കർ സ്ഥലം വിറ്റാണ് അക്കാലത്ത് അദ്ദേഹം സിനിമയെടുത്തത്. സിനിമ പരാജയമായതോടെ വീട്ടിൽ നിന്ന് എതിർപ്പുകൾ നേരിട്ടെന്ന് അദ്ദേഹത്തിന്റെ മകൻ ഹാരിസ് ഡാനിയൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ജെ.സി.ഡാനിയലിന്റെ അഞ്ചു മക്കളിൽ ഇളയ ആളാണ് ഹാരിസ്. ഗോലികളിയുടെ ആവേശത്തിൽ വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമയുടെ ഫിലിമുകൾ കത്തിച്ചു കളഞ്ഞത് ഹാരിസ് ഡാനിയലായിരുന്നു. അതിന്റെ പ്രാധാന്യം അന്ന് അറിയില്ലായിരുന്നു, വളർന്ന് വലുതായിട്ടാണ് അച്ഛൻ ഒരു പ്രതിഭയായിരുന്നെന്ന് തിരിച്ചറിയുന്നതെന്ന് ഹാരിസ് പറഞ്ഞു.

വിഗതകുമാരന്റെ പരാജയത്തിന് ശേഷം തിരുവനന്തപുരത്ത്‌ നിന്ന് പുതുക്കോട്ടയിൽ എത്തി ദന്തൽ ഡോക്ടറായി സേവനം തുടങ്ങുമ്പോഴും സിനിമാ മോഹം ജെ.സി.ഡാനിയലിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ തിരികെ എത്താൻ കഴിയാത്ത അത്ര അകലത്തിൽ അപ്പോഴേക്കും സിനിമ എത്തിക്കഴിഞ്ഞു. എന്നിട്ടും വീട്ടുകാരോട് പോലും പറയാതെ ദന്തൽ ഉപകരണങ്ങൾ വിറ്റ പണവുമായി ചെന്നൈയിൽ എത്തി. സിനിമയെടുക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകിയ പി.യു.ചിന്നപ്പ എന്ന നടൻ പിന്മാറിയതോടെ നിരാശനായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

ജെ.സി.ഡാനിയൽ എന്ന പ്രതിഭയുടെ കഴിവ് തിരിച്ചറിയാൻ സ്വന്തം കുടുംബത്തിന് പോലും കാലങ്ങൾ വേണ്ടി വന്നു. അദ്ദേഹം സിനിമാ ജീവിതം തുടങ്ങി അവസാനിപ്പിച്ച തിരുവനന്തപുരത്ത് ഒരു പ്രതിമ സ്ഥാപിക്കണമെന്ന കുടുംബത്തിന്റെ ദീർഘ നാളത്തെ ആഗ്രഹവും ഇപ്പോഴും ബാക്കിയാണ്. പ്രതിമയ്ക്കായി ഒരു സംഘടന രൂപീകരിക്കുകയും, മുഖ്യമന്ത്രി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നവംബർ 28 ന് ജെ.സി.ഡാനിയലിന്റെ ജന്മവാർഷികത്തിന് മുന്നോടിയായി പ്രതിമ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ പണി എങ്ങും എത്തിയില്ലെന്നും ഹാരിസ് ഡാനിയൽ പറഞ്ഞു.

Logo
X
Top