‘ഐ ആം വിത്ത് ധന്യവര്‍മ’ വിവാദത്തില്‍; വിമര്‍ശകര്‍ക്ക് ധന്യയുടെ മറുപടി; ‘ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്’
കപ്പ ടിവിയിലെ ‘ദി ഹാപ്പിനെസ്സ് പ്രൊജക്ട്’ എന്ന അഭിമുഖ സംഭാഷണ പരിപാടിയിലൂടെയാണ് ധന്യവര്‍മ എന്ന മാധ്യമപ്രവര്‍ത്തക മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്. പിന്നീട് ധന്യ സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ‘ഐ ആം വിത്ത് ധന്യവര്‍മ’ എന്ന ഇന്റര്‍വ്യൂ സീരിസിലൂടെ ധന്യയുടെ അഭിമുഖങ്ങള്‍ മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു. അടുത്തിടെ ഗായകനായ വിധുപ്രതാപും ഭാര്യും നര്‍ത്തകിയുമായ ദീപ്തിയുമായി നടത്തിയ അഭിമുഖത്തില്‍ ധന്യ ചോദിച്ച ഒരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയാണ്. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അവതാരക തന്നെ രംഗത്തെത്തിയിരിക്കുന്നു.
“15 വര്‍ഷമായി നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളായിട്ടില്ല. സമൂഹത്തില്‍ നിന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങളും സമ്മര്‍ദ്ദവും എങ്ങനെയാണ് നേരിടുന്നത്,” എന്നായിരുന്നു ധന്യയുടെ ചോദ്യം.
ധന്യയുടെ ചോദ്യത്തിന് ദീപ്തിയും വിധുവും വിശദമായി തന്നെ മറുപടി നല്‍കി. എന്നാല്‍ അഭിമുഖം യൂട്യൂബില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ, ഇരുവരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതും മുന്നിലിരിക്കുന്നവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതുമായിരുന്നു ധന്യയുടെ ചോദ്യം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന പോസ്റ്റുകള്‍ വന്നു തുടങ്ങി. ഈ വിമര്‍ശനങ്ങള്‍ക്ക് ധന്യ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തന്നെയാണ് മറുപടി പറഞ്ഞിരിക്കുന്നത്.
തന്റെ അഭിമുഖങ്ങളില്‍ ആഴമുള്ളതും ബുദ്ധിമുട്ടേറിയതുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അതിഥികളോട് മുന്‍കൂട്ടി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമാണ് വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാറുള്ളതെന്നും സന്തോഷകരമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുക എന്നതല്ല തന്റെ അഭിമുഖങ്ങളുടെ ഉദ്ദേശ്യമെന്നും ധന്യ പറഞ്ഞു.
“ചിലപ്പോള്‍ ചില വിഷയങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അങ്ങനെ മാത്രമേ മറ്റുചില ചര്‍ച്ചകളെ അവസാനിപ്പിക്കാന്‍ പറ്റൂ. ചില അതിഥികള്‍ അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ ഈ ഇടം തിരഞ്ഞെടുക്കുന്നു. പലപ്പോഴും അതിഥികള്‍, അറിയാതെ ആ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും അത് എഡിറ്റ് ചെയ്ത് ഒഴിവാക്കേണ്ട എന്ന് എന്നോട് ആവശ്യപ്പെടാറുമുണ്ട്. അഭിമുഖം ഷൂട്ട് ചെയ്യാന്‍ ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ അവരോട് ഈ വിഷയത്തെ കുറിച്ച് ചോദിക്കാറുണ്ട്. ഇത് ചര്‍ച്ച ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അവര്‍ പറയാറുമുണ്ട്. മറുപടി പറയാന്‍ എത്ര ബുദ്ധിമുട്ടാണ് അത്രയും ബുദ്ധിമുട്ടാണ് ചില ചോദ്യങ്ങള്‍ ചോദിക്കാനും. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് ഒരു ഉപകരണമായി നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്താണ് അതിന്റെ ഉദ്ദേശ്യം? തമാശകള്‍ നിറഞ്ഞ അഭിമുഖങ്ങള്‍ക്കപ്പുറം ബുദ്ധിമുട്ടേറി വിഷയങ്ങളെക്കുറിച്ചുകൂടിയുള്ള സംഭാഷണങ്ങളും തുടരട്ടെ.”
തന്റെ ചോദ്യങ്ങളെക്കാള്‍ പ്രധാനമാണ് ഉത്തരങ്ങളെന്നും ആ ഉത്തരങ്ങളിലേക്ക് നയിക്കുന്ന പോയിന്റുകള്‍ മാത്രമാണ് ചോദ്യങ്ങള്‍ എന്നും ധന്യ പറഞ്ഞു. ധന്യയുടെ പോസ്റ്റിന് പിന്തുണയുമായി ദീപ്തി വിധുപ്രതാപും രംഗത്തെത്തി. ഗായികയായ രഞ്ജിനി ജോസ് ഉള്‍പ്പെടെയുള്ളവര്‍ ധന്യവര്‍മയുടെ പോസ്റ്റില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം ധന്യയെ എതിര്‍ത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here