യുപി കൂട്ടബലാത്സംഗ കേസിൽ പരാതിക്കാരിക്ക് പണം വാഗ്ദാനം ചെയ്തെന്ന് അമ്മ; കോടതി ഇടപെടണമെന്ന് അഖിലേഷ്
ഉത്തർപ്രേദേശിലെ കൂട്ടബലാത്സംഗ കേസിൽ പരാതി പിൻവലിക്കാൻ സമാജ്‌വാദി പാർട്ടി നേതാവ് പണം വാഗ്ദാനം ചെയ്തെന്ന് അതിജീവതയുടെ അമ്മ. എസ്പി നേതാവും ഭാദർസ നഗർ പഞ്ചായത്ത് ചെയർമാനുമായ മുഹമ്മദ് റാഷിദ് തനിക്ക് പണം വാഗ്ദാനം ചെയ്യുകയും കേസ് ഒത്തുതീർപ്പാൻ ആവശ്യപ്പെടുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണവും കർശന നടപടിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവർ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“മൊയ്ദ് ഖാനാണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ. ഞങ്ങളുടെ മകൾ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു. അവർ അവളെ വയലിലേക്ക് കൊണ്ടുപോയി…” – അതിജീവതയുടെ അമ്മ പറഞ്ഞു.
അതിജീവതക്ക് സംരക്ഷണം നൽകാൻ ഉത്തരവിടണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കോടതിയോട് ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നവരെ ജയിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഡിഎൻഎ പരിശോധന നടത്തണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഖാൻ സമാജ്‌വാദി പാർട്ടി അംഗമാണെന്നും ഫൈസാബാദ് എംപി അവധേഷ് പ്രസാദിന്‍റെ അടുപ്പക്കാരനാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഖിലേഷ് യാദവ് ഡിഎൻഎ പരിശോധന ആവശ്യപ്പെട്ടത്. കേസിൽ നാർകോ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി മറ്റ് സമാജ്‌വാദി പാർട്ടി നേതാക്കളും രംഗത്തുണ്ട്.
ജൂലൈ 30നാണ് മൊയ്ദ് ഖാനേയും ജോലിക്കാരൻ രാജു ഖാനേയും 12 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്യുന്നത്. രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. രണ്ട് മാസം മുമ്പ് നടന്ന പീഡനത്തിൽ പെൺകുട്ടി ഗർഭിണി ആണെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here