‘മീടൂ’വിൽ വേട്ടക്കാരെ ചൂണ്ടിക്കാട്ടിയതിന് നേരിട്ടത് വലിയ നഷ്ടങ്ങള്‍: ഗായിക ചിന്മയി
തമിഴ് സിനിമാ ലോകത്ത് മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്തുവന്നവരിൽ പ്രധാനിയാണ് ചിന്മയി. 2018ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെയാണ് ചിന്മയി ലൈംഗിക അതിക്രമം ആരോപിച്ചത്. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിൽ എത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. തമിഴ് സിനിമാ-സംഗീത ലോകത്തെ ഈ ആരോപണം പിടിച്ചുകുലുക്കിയിരുന്നു. ആരോപണത്തിന് പിന്നാലെ വൈരുമുത്തുവിനെതിരെ പോലീസിലും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
വൈരമുത്തുവിന് പിന്നാലെ നടൻ രാധാ രവിക്കുമെതിരെ ചിന്മയി പീഡനാരോപണം ഉന്നയിച്ചിരുന്നു. എന്നാലതിന് ശേഷം, ജീവിതത്തിൽ വലിയ നഷ്ടം നേരിടേണ്ടി വന്നുവെന്ന് ചിന്മയി വ്യക്തമാക്കി. ഇരുവരുടെയും പേരുകൾ പുറത്തുവിട്ടതോടെ തൊഴിൽ ചെയ്ത് ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. ഡബ്ബിങ്ങിൽ നിന്ന് വിലക്കപ്പെട്ടതാണ് പ്രധാനം; ചിന്മയി പറഞ്ഞു. ലൈംഗികാതിക്രമ കേസുകളിൽ വേഗത്തിൽ തീർപ്പ് ഉണ്ടാകുന്ന നീതിന്യായ വ്യവസ്ഥയുടെ ആവശ്യകതയുണ്ട്. നിലവിലെ വ്യവസ്ഥിതികൾ ലൈംഗികാതിക്രമം അതിജീവിച്ചവർക്ക് പോലീസിൽ പരാതിപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ചിന്മയി പറഞ്ഞു.
മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സിനിമാ മേഖലയിൽ ലൈംഗികാതിക്രമം നേരിട്ട മറ്റു പല സ്ത്രീകളും ധൈര്യമായി മുന്നോട്ടുവന്ന് തുറന്നുപറച്ചിൽ നടത്തുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായിക ചിന്മയി ശ്രീപദ. സിദ്ദിഖും രഞ്ജിത്തും മാത്രമല്ല മലയാള സിനിമാ മേഖലയിൽ ലൈംഗികാരോപണം നേരിടുന്നവരെന്ന് ചിന്മയി എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ഇത്തരം ആരോപണങ്ങളില്‍ നിയമ സംവിധാനം വേഗത്തിലാക്കാനാണ് ഐസിസി സംവിധാനം കൊണ്ടുവന്നത്. പക്ഷേ അത് പ്രവർത്തിക്കുന്നില്ല. ദേശീയ വനിതാ കമ്മീഷനിൽ നിന്നടക്കം വലിയ ഇടപെടൽ ഈ വിഷയത്തിൽ വേണമെന്നും ചിന്മയി ആവശ്യപ്പെട്ടു. മീടൂ ആരോപണങ്ങൾ നേരിടുന്നവരുമായി രാഷ്ട്രീയക്കാര്‍ സഹകരിക്കുന്നത് തുടരുകയാണ്. ലൈംഗികാരോപണം നേരിടുന്നവരെ രാഷ്ട്രീയക്കാർ പിന്തുണയ്ക്കുന്നത് അവർ വോട്ട് ബാങ്കായതുകൊണ്ടാണെന്നും ഗായിക ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here