കാണാതായ യുദ്ധവിമാനം കണ്ടെത്തി, ബംഗാള്‍ ഉള്‍ക്കടലില്‍ അവശിഷ്ടങ്ങള്‍; പറന്നു മറഞ്ഞത് 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ചെന്നൈ: ജൂലൈ 22, 2016. എഎൻ -32 എയര്‍ക്രാഫ്റ്റ്. ഫ്ലൈറ്റ് നമ്പർ K-2743. 29 പേരെ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ യുദ്ധവിമാനം രാവിലെ 8:30ന് ചെന്നൈയിലെ താംബരന്‍ എയര്‍ബേസില്‍ നിന്നും പുറപ്പെട്ടു. ലക്ഷ്യം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയര്‍. എന്നാല്‍ വിമാനം ഒരു മണിക്കൂര്‍ തികച്ചില്ല. പറന്നുയര്‍ന്ന വിമാനം 9:18ഓടെ ചെന്നൈ തീരത്ത് നിന്ന് 280 കിലോമീറ്റര്‍ അകലെ റഡാറിന് പുറത്ത്, കാണാമറയത്തേക്ക് മാഞ്ഞു.

രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചിലായിരുന്നു എഎൻ -32നായി നടത്തിയത്. നാവികസേനയുടെ ഡോണിയർ വിമാനങ്ങളും സഹ്യാദ്രി, രാജ്പുത്, രൺവിജയ്, കമോർട്ട, തുടങ്ങി 11 കപ്പലുകളും തിരച്ചിൽ നടത്തി. എന്നാല്‍ കടലിൽ അപകടമുണ്ടായാൽ കണ്ടെത്താന്‍ സഹായിക്കുന്ന അവശ്യ ഉപകരണങ്ങൾ വിമാനത്തിൽ ഇല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ ഘടിപ്പിച്ചിട്ടില്ലെന്നും അവശിഷ്ടങ്ങള്‍ കണ്ടുപിടിക്കുന്നതിന് ഇതൊരു തടസ്സമാകുമെന്നും കണ്ടെത്തി.

പക്ഷെ പ്രതീക്ഷ കൈവിടാന്‍ രാജ്യം തയ്യാറായില്ല. ബംഗാൾ ഉൾക്കടലിൽ കാണാതായ വിമാനം കണ്ടെത്തുന്നതിനായി ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി ഒരു ഓട്ടോണമസ് യൂട്ടിലിറ്റി വെഹിക്കിൾ (എയുവി) വികസിപ്പിച്ചെടുത്തു.

8 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിഗൂഢതയിലേക്ക് മറഞ്ഞ എഎൻ -32 എയര്‍ക്രാഫ്റ്റിന്‍റെ അവശിഷ്ടങ്ങള്‍ എയുവി കണ്ടെടുത്തു. സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്റർ ആഴത്തിലായിരുന്നു പരിശോധന. ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈല്‍ അകലെ, ഉൾക്കടലിന്റെ അടിത്തട്ടിലായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് മുന്‍പ് യുദ്ധവിമാനങ്ങൾ ഒന്നും കാണാതായിട്ടില്ലാത്തതിനാല്‍ ഇത് എഎൻ -32 തന്നെയാണെന്നാണ് വ്യോമസേന കരുതുന്നത്. വരും ദിവസങ്ങളില്‍ ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top