‘അൻബോട് രാജമാണിക്യം’; കഷ്ടപ്പാടുകളോട് പടവെട്ടി ഐഎഎസ് നേടിയ പെരിയ മനിതന്റെ കഥ

സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ക്ലാസിനു പുറത്തുനിൽക്കേണ്ടി വന്ന ബാല്യത്തിൽനിന്നാണ് ഐഎഎസ് എന്ന സ്വപ്നത്തിലേക്കുള്ള രാജമാണിക്യത്തിന്റെ യാത്ര തുടങ്ങുന്നത്. കഷ്ടപ്പാടുകളോട് പടവെട്ടി സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറിയ എം.ജി.രാജമാണിക്യത്തിന്റെ കഥ പറയുന്നതാണ് ‘അൻബോട് രാജമാണിക്യം’ എന്ന പുസ്തകം.

സോനയാകോവിലിലെ പച്ചക്കറി ചന്തയിൽനിന്നും കച്ചവടക്കാർ ഉപേക്ഷിക്കുന്ന കേടായ പച്ചക്കറികളിൽ നിന്ന് കേട് കുറഞ്ഞവ തിരഞ്ഞെടുത്ത് വാങ്ങി അമ്മ പഞ്ചവർണം തയ്യാറാക്കുന്ന ഭക്ഷണമാണ് രാജമാണിക്യത്തിന്റെയും സഹോദരങ്ങളുടെയും വിശപ്പ് അടക്കിയിരുന്നത്. വൈകിയെങ്കിലും തൂക്കുപാത്രത്തിൽ കഞ്ഞിയുമായി നഗ്നപാദയായി സ്കൂളിലേക്ക് ഓടിയെത്തുന്ന അമ്മയുടെ മുഖം രാജമാണിക്യത്തിന്റെ കണ്ണുകൾക്ക് മുന്നിൽ മായാതെ ഇന്നുമുണ്ട്.

പതിനഞ്ചു വയസുവരെ ഒറ്റമുറി മാത്രമുള്ള കുഞ്ഞുവീട്ടിലായിരുന്നു രണ്ടു സഹോദരിമാർ അടക്കമുള്ള അഞ്ചംഗ കുടുംബത്തിൻ്റെ ജീവിതം. അടുക്കളയും ഉറക്ക സ്ഥലവുമെല്ലാം എട്ടടി വീതിയും പന്ത്രണ്ടടി നീളവുമുള്ള ഈ ഒറ്റ മുറിയിലായിരുന്നു. ശുചിമുറിയൊക്കെ വെറും സ്വപ്നം മാത്രമായിരുന്നു ഈ കാലത്തിൽ നിന്നാണ് രാജമാണിക്യം നടന്നു കയറുന്നത്.

യുകെജി മുതൽ അഞ്ചാം ക്ലാസുവരെ മധുരൈയിലെ എംഎസ്ആർ വീരമണി സ്കൂളിലായിരുന്നു പഠനം. തുടർന്ന് പത്തുവരെ മധുരൈ സൗരാഷ്ട്ര സ്കൂളിൽ. മധുരൈയിലെ രാജാ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽനിന്നും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും കോയമ്പത്തൂരിലെ കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും എൻജിനീയറിങ് ഡിസൈനിൽ യൂണിവേഴ്സിറ്റി ഗോൾഡ് മെഡലോടെ എംഇയും രാജമാണിക്യം പാസായി.

ഐഎഎസ് നേടിയിരിക്കുമെന്ന തീരുമാനം സ്കൂൾ വിദ്യാഭ്യാസ കാലത്തേ രാജമാണിക്യം മനസിൽ ഉറപ്പിച്ചിരുന്നു. ആ നിശ്ചയദാർഢ്യമാണ് മൂന്നു വർഷം നീണ്ട കഠിന ശ്രമങ്ങൾക്കൊടുവിൽ 2008ൽ രാജമാണിക്യത്തെ ഐഎഎസുകാരനാക്കി മാറ്റിയത്. മധുരൈയും ചെന്നൈയും കോയമ്പത്തൂരും ഡൽഹിയും മസൂറിയും കടന്ന് കേരളത്തിലെത്തി നിൽക്കുന്ന തന്റെ ജീവിതയാത്രയിലെ മറക്കാനാവാത്ത ഒരുപിടി അനുഭവങ്ങളാണ് ‘അൻബോട് രാജമാണിക്യം’ പുസ്കത്തിലൂടെ അദ്ദേഹം വായനക്കാർക്ക് മുന്നിലെത്തുന്നത്.

പ്രതിബന്ധങ്ങൾ എന്തുണ്ടായാലും അതിനെ അതിജീവിക്കാനുള്ള വഴികൂടി തുറന്നിടുന്നതാണ് ജീവിതമെന്ന ഓർമ്മപ്പെടുത്തൽ. ആ വഴി കണ്ടെത്തുന്നവന് വിജയത്തിന്റെ താക്കോലും സ്വന്തമാക്കാം. വഴിയിൽ തളർന്നു നിൽക്കുന്നവന് തന്റെ വാക്കുകൾ പ്രചോദനമാകട്ടെയെന്ന് രാജമാണിക്യം പുസ്തകത്തിൽ പറയുന്നു. ആത്മകഥയോ സർവീസ് സ്റ്റോറിയോ അല്ല, സിവിൽ സർവീസ് ലക്ഷ്യമിടുന്നവർക്ക് ഒരു വഴികാട്ടി ആകാൻ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് രാജമാണിക്യം പറയുന്നു.

ആ അർത്ഥത്തിൽ, പകരം വയ്ക്കാനില്ലാത്ത ഒരു ഒന്നാന്തരം പ്രചോദനഗ്രന്ഥം തന്നെയാണ് ഈ പുസ്തം. ഒലീവ്‌ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘അൻബോട് രാജമാണിക്യം’ ഒരാഴ്‌ചയ്‌ക്കുള്ളിൽ പുറത്തിറങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top