ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കാനാവില്ല, ഐഎഎസുകാരുടെ നിയമനവും സ്ഥലംമാറ്റവും സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ പോരാ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും സര്‍ക്കാരിന് വന്‍ തിരിച്ചടി. ഇനി സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശുപാര്‍ശയോടെ മാത്രമെ ഐഎഎസുകാരെ മാറ്റാവൂ എന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഇതോടെ ഐഎഎസുകാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയില്‍ സമൂലമായ മാറ്റം വേണ്ടിവരും. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവ്. ഐഎഎസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ട്രിബ്യൂണലിന്റെ നിര്‍ണായക വിധി അഖിലേന്ത്യാ ഐഎഎസ് ചട്ടപ്രകാരമാണ്.

ഐഎഎസ് കേഡര്‍ ചട്ടം 2014 ല്‍ ഭേദഗതി ചെയ്തതു പ്രകാരം നിയമിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തപ്പെടുന്ന സ്ഥലം മാറ്റങ്ങളും എല്ലാ നിയമനങ്ങളും സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ (സിഎസ് ബി)പരിഗണനക്കുവിടാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയമനം സിഎസ്ബിക്കു വിടുന്നതിലുപരി ഐഎഎസ് കേഡര്‍ തസ്തികകളില്‍ നിയമിച്ചിരിക്കുന്ന ഐഎംജി ഡയറക്ടര്‍ വിരമിച്ച ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ക്കും ട്രിബ്യൂണല്‍ നോട്ടീസയക്കും. ചട്ടവിരുദ്ധമായ ഇവരുടെ നിയമനം റദ്ദ് ചെയ്യണമെന്ന് ഐഎഎസ് അസോസിയേഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുനില്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ കെ. ഇ. ഈപ്പന്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥനും പേഴ്‌സണല്‍ ഭരണ – പരിഷ്‌കാര സെക്രട്ടറിയുമാണ് അംഗങ്ങള്‍. ഐ.എ.എസ് അസോസിയേഷനു വേണ്ടി ഗിരിജ ഗോപാല്‍ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top