അവളെ കേരളം ‘നിധി’ പോലെ കാത്തു; ഐസിയുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

ജനിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ കുഞ്ഞ് നാളെ ആശുപത്രി വിടും. പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്ജ് ചെയ്യുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
കുഞ്ഞിന് ‘നിധി’ എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് നിധി എന്ന പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ ഏറ്റെടുക്കാന്‍ രക്ഷിതാക്കള്‍ തയാറാകത്തതിനെ തുടര്‍ന്നാണ് ശിശു ക്ഷേമ സമിതിക്ക് കൈമാറുന്നത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ കുട്ടികളുടം രക്ഷിതാക്കള്‍.
പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്ക്ക് മാറ്റി. എന്നാല്‍ കുഞ്ഞിന്റെ അമ്മ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതോടെ ഇവര്‍ നാട്ടിലേക്ക് പോയി. പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇതോടെയാണ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്വകാര്യ ആശുപത്രിയിലെ ബില്‍ വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റിലെ ചികിത്സയാണ് കുഞ്ഞിനെ ആരോഗ്യവതിയാക്കിയത്. 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം 37 ആഴ്ച പിന്നിടുമ്പോള്‍ രണ്ടര കിലോ ആയിട്ടുണ്ട്. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here