‘ഐസിയു’ പിഴിയല്‍ ഇനി നടക്കില്ല; കേന്ദ്ര മാര്‍ഗരേഖയെ പേടിച്ച് ആശുപത്രികള്‍; ജീവന്‍ രക്ഷിക്കല്‍ മുഖ്യമെന്ന് ഐഎംഎ; മെഡിക്കല്‍ രംഗത്ത് ചര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം: രോഗിയോ ബന്ധുക്കളോ അനുവദിക്കുന്നില്ലെങ്കില്‍ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കാൻ പാടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖ ഡോക്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഐസിയുവിൽ കിടത്തരുതെന്ന് രോഗി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ‘ഐസിയു’ ഒഴിവാക്കണം. ഇത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്. മരണമുറപ്പായ രോഗികളെപ്പോലും ഐസിയുവില്‍ കിടത്തി ബന്ധുക്കളെ പിഴിയുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ കാര്യത്തില്‍ പുതിയ മാര്‍ഗരേഖ തയ്യാറാക്കിയത്.
മാര്‍ഗരേഖ നോക്കിയല്ല രോഗികളെ ചികിത്സിക്കുന്നതെന്ന് ഐഎംഎ വ്യക്തമാക്കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗരേഖയെ സംബന്ധിച്ച് ആശങ്കയുണ്ട്. ഐസിയു പ്രവേശനത്തില്‍ എന്ത് തീരുമാനമെടുത്താലും അത് രോഗിയുടെ ബന്ധുക്കള്‍ക്ക് പിന്നീട് ചോദ്യം ചെയ്യാന്‍ അവസരം നല്‍കുമെന്നാണ് ആശുപത്രികള്‍ പേടിക്കുന്നത്.
രോഗിയുടെ ജീവന്‍ രക്ഷിക്കലിനാണ് ആദ്യ പരിഗണന. മറ്റുള്ള കാര്യങ്ങളെല്ലാം രണ്ടാമതാണ്. ഇത്തരം കാര്യങ്ങളില്‍ ഡോക്ടര്‍മാരെ പിന്തിരിപ്പിക്കാന്‍ ഒരു മാര്‍ഗരേഖയ്ക്കും കഴിയില്ല- ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ.ആര്‍.വി.അശോകന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ സുപ്രീംകോടതി വിധിയുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട രോഗികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ ഡോക്ടര്‍ കുറ്റക്കാരനായി മാറും. ഇത് നിയമമാണ്. മെഡിക്കല്‍ എത്തിക്സ് അനുസരിച്ച് മാത്രമാണ് ഡോക്ടര്‍മാര്‍ തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള മാര്‍ഗരേഖ ഐഎംഎയെ സംബന്ധിച്ച് പ്രശ്നമല്ല”-ഡോ.അശോകന്‍ പറയുന്നു.
ഐസിയു പ്രവേശനത്തിന് മാര്‍ഗരേഖ ഉണ്ടാകുന്നത് നല്ലത് തന്നെയാണ്. പക്ഷെ അത്യാസന്ന നിലയിലുള്ള രോഗികളുടെ ചികിത്സയെ ഇത് ബാധിക്കുന്നില്ല-ഐഎംഎ കേന്ദ്ര കമ്മറ്റിയംഗം ഡോ.സുല്‍ഫി നൂഹ് പറഞ്ഞു. “അടിയന്തിര സാഹചര്യങ്ങളില്‍ ഐസിയു പ്രവേശനത്തിന് രോഗിയുടെ സമ്മതം ആവശ്യമില്ല. ജീവന്‍ രക്ഷിക്കലാണ് ഡോക്ടറുടെ ദൗത്യം. ഈ തീരുമാനം തന്നെയാണ് ഡോക്ടര്‍മാര്‍ കൈക്കൊള്ളുന്നത്. രോഗിയുടെയോ അല്ലെങ്കില്‍ ബന്ധുക്കളുടെയോ സമ്മതപ്രകാരം തന്നെയാണ് നിലവില്‍ ഐസിയു പ്രവേശനം നടത്തുന്നത്-സുല്‍ഫി നൂഹ് പറയുന്നു.
മാര്‍ഗരേഖ പുറപ്പെടുവിക്കും മുന്‍പ് വിശദ ചര്‍ച്ച കേന്ദ്രത്തില്‍ നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അത്യാസന്ന രോഗികളെ പ്രവേശിപ്പിക്കുമ്പോള്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയേക്കും-കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.അന്‍വര്‍ മുഹമ്മദലി പറഞ്ഞു. രോഗിക്ക് ഒപ്പമുള്ളയാള്‍ക്ക് ഐസിയു കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. അല്ലെങ്കില്‍ രോഗിയുടെ ജീവന് തന്നെ പ്രശ്നം സൃഷ്ടിച്ചേക്കും. ബന്ധുക്കള്‍ക്ക് ആശുപത്രിയുടെ തീരുമാനം ചോദ്യം ചെയ്യാന്‍ കഴിയും- ഡോഅന്‍വര്‍ മുഹമ്മദലി പറയുന്നു.
മാര്‍ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
ഐസിയു ഏതൊക്കെ ഘട്ടങ്ങളില്‍: രോഗാവസ്ഥ മൂർച്ഛിക്കുകയും തീവ്രപരിചരണം ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യങ്ങൾ പ്രധാനം. രോഗബാധയെ തുടർന്ന് അടിക്കടി ബോധം നഷ്ടപ്പെടുന്ന സ്ഥിതി, ശരീരത്തിലെ രക്തപ്രവാഹത്തിൽ വരുന്ന അസ്ഥിരത, ഗുരുതര രോഗത്തെ തുടർന്ന് ശ്വസനസഹായം ആവശ്യമായി വരിക, രോഗബാധയെ തുടർന്ന് ശരീരാവയവങ്ങൾക്കു ജീവൻരക്ഷാ സഹായം വേണ്ടിവരിക തുടങ്ങിയ ഘട്ടങ്ങളിൽ ഐസിയു ചികിത്സ നൽകാം. മേജർ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവർ, ശസ്ത്രക്രിയയിൽ സങ്കീർണതയുണ്ടാകുന്ന സാഹചര്യം ഇവര്‍ക്കും ഐസിയു പരിഗണിക്കാം.
ചികിത്സ ഫലിക്കാത്തവിധം രോഗിയുടെ അവസ്ഥ ഗുരുതരമാകുകയോ, ജീവൻ രക്ഷിക്കാനാകില്ലെന്ന് സ്ഥിരീകരിക്കപ്പെടുകയോ ചെയ്ത ശേഷം ഐസിയുവിൽ കിടത്തരുത്. പകർച്ചവ്യാധി, ദുരന്തം തുടങ്ങിയ സാഹചര്യങ്ങളിൽ, രോഗിയെ ഐസിയുവിൽ തുടരാൻ അനുവദിക്കുന്നതിന് മുൻഗണന നിശ്ചയിക്കണം. ഐസിയുവിലേക്ക് മാറ്റാനിരിക്കുന്ന രോഗിയുടെ രക്തസമ്മർദം, പൾസ് നിരക്ക്, ശ്വസന നിരക്ക്, ശ്വസനരീതി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ നിരക്ക്, നാഡീവ്യൂഹത്തിന്റെ സ്ഥിതി തുടങ്ങിയവ നിരീക്ഷിക്കണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here