ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം; ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം; നീതി പ്രതീക്ഷിക്കുന്നതായി അതിജീവിത

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റായ ഡോ.കെ.വി.പ്രീതിക്കെതിരെ പുനരന്വേഷണം. അതിജീവിതയുടെ പരാതിയെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് ഉത്തര മേഖല ഐജി സേതുരാമന്‍ ഉത്തരവിട്ടത്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് കേസ് അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

പീഡന പരാതിയില്‍ തന്റെ മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയില്ലെന്നും വൈദ്യ പരിശോധനയടക്കം നടത്താതെയാണ് ഡോ. പ്രീതി റിപ്പോര്‍ട്ട് തയാറാക്കിയതെന്നുമാണ് അതിജീവിതയുടെ പരാതി. മെഡിക്കല്‍ കോളജിലെ ജീവനക്കാരനെ സംരക്ഷിക്കാനാണ് ഡോക്ടര്‍ ശ്രമിച്ചത്. കേസ്ഷീറ്റിലടക്കം വൈദ്യപരിശോധന നടത്തിയ കാര്യം പറഞ്ഞിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് നേരത്തെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതിജീവിത പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണവും നടന്നു. എന്നാല്‍ ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത നിരവധി തവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായിരുന്നില്ല. വിവിരാവകാശ നിയമപ്രകാരമുളള അപേക്ഷിയിലും ഫലമുണ്ടാകാതെ വന്നതോടെ അതിജീവിത കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പ്രത്യക്ഷസമരം ആരംഭിച്ചു. 13 ദിവസത്തെ സമരത്തിന് ശേഷമാണ് പൊലീസ് അതിജീവിതയ്ക്ക് സ്വന്തം പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.

ഈ റിപ്പോര്‍ട്ടില്‍ വൈദ്യപരിശോധന നടത്തിയതായും പൂര്‍ണ്ണമായും മൊഴി രേഖപ്പെടുത്തിയെന്നും ഡോക്ടര്‍ മൊഴി നല്‍കിയതായി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ടത്.

പുനരന്വേഷണം നടത്താനുളള തീരുമാനത്തെ സ്വഗതം ചെയ്യുന്നതായി അതിജീവിത മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നീതി ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. ഡോക്ടര്‍ ശ്രമിച്ചത് പീഡിപ്പിച്ചയാളെ രക്ഷിക്കാനാണ്. ഇനിയൊരാള്‍ക്കും ഇത്തരം അനുഭവമുണ്ടാകാതിരിക്കാന്‍ ഒരു സ്ത്രീയെന്ന നിലയില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട ഒരു വനിതാ ഡോക്ടറാണ് ഈ സമീപനമെടുത്തത്. ഇതിന് നിയമപരമായ ശിക്ഷ ലഭിക്കണം. അതിനായുള്ള പോരാട്ടം തുടരും. റോഡരികില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അപമാനിതയായാണ് 13 ദിവസം പ്രതിഷേധം നടത്തിയത്. അപമാനിതയാകുമ്പോള്‍ വീട്ടില്‍ പോകുമെന്ന ചിന്തയിലാണ് ഇത്രയും ദിവസം റിപ്പോര്‍ട്ട് നല്‍കുന്നത് വൈകിപ്പിച്ചത്. നീതി ലഭിക്കാതെ പോകില്ലെന്ന് ഉറപ്പായതു കൊണ്ടാണ് പൊലീസ് ഇപ്പോള്‍ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും അതിജീവിത പറഞ്ഞു.

2023 മാര്‍ച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ കിടക്കുമ്പോഴാണ് യുവതി പീഡനത്തിന് ഇരായത്. അനസ്തേഷ്യയുടെ മയക്കത്തില്‍ ആശുപത്രി ജീവനക്കാരനായിരുന്നു യുവതിയെ പീഡിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top