പതിവിലും പത്തിരട്ടി കറന്റ് ബില്‍; ഇരുട്ടടിയേറ്റ് ഉപയോക്താക്കള്‍

ഇടുക്കി: തൊടുപുഴ, വേങ്ങല്ലൂര്‍ ഭാഗങ്ങളിലുള്ള മുന്നൂറോളം ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയായി കറന്റ് ബില്‍. 2000 മുതല്‍ 3000 വരെ ബില്‍ വന്നിരുന്നിടങ്ങളില്‍ പത്തിരട്ടിയോളം വർദ്ധനവോടെയാണ് ഇത്തവണ കറന്റ് ബില്‍ എത്തിയത് 60,000 രൂപ വരെ ബില്‍ തുകയായി എത്തിയിട്ടുണ്ടെന്നാണ് പരാതി. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ തൊടുപുഴ കെഎസ്ഇബി ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു.
തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് പരാതികളിലധികവും. നിലവില്‍ ഇപ്പോള്‍ ലഭിച്ച ബില്‍ അടയ്‌ക്കേണ്ടതില്ലെന്നും താത്കാലിക പരിഹാരമെന്ന നിലയില്‍ ശരാശരി ബില്ലായി ലഭിക്കാറുള്ള തുക അടച്ചാല്‍ മതിയെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. വന്‍തുക ബില്ലിന്റെ കാരണമെന്തെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കെഎസ് ഇബി വിശദീകരിക്കുന്നു.
മീറ്റര്‍ റീഡിങ് എടുക്കാനെത്തിയവര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും റീഡിങ്ങില്‍ സംഭവിച്ച പിഴവാണെന്നാണ് പ്രാഥമിക നിഗമനം. മീറ്റര്‍ റീഡിങ്ങിന് പോയ താല്‍ക്കാലിക ജീവനക്കാരില്‍ രണ്ട് ജീവനക്കാരെ ഇതിനോടകം പറഞ്ഞുവിട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരികയാണ്. അതേസമയം, വേനല്‍ക്കാലത്തെ വർദ്ധിച്ച വെെദ്യുത ഉപയോഗമാണ് ബില്ലിന് കാരണമെന്ന് തെറ്റിദ്ധരിച്ച് ചില ഉപയോക്താക്കള്‍ ബില്‍ അടച്ചിട്ടുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here