ഇടുക്കി ഡാം പത്ത് വര്‍ഷത്തേക്ക് തകരില്ല; മുല്ലപ്പെരിയാറിൻ്റെ കാര്യം അറിയില്ല; കാലാവസ്ഥാ വ്യതിയാനം പഠിക്കാതെ കെഎസ്ഇബിയുടെ നിലപാട്
ഇടുക്കി: കാലാവസ്ഥാവ്യതിയാനം അടക്കം നിർണായക ഘടകങ്ങളൊന്നും പഠിക്കാതെ ഡാമിന് ആയുസ് നിർണയിച്ച് കെഎസ്ഇബി. അടുത്ത പത്ത് വര്‍ഷത്തേക്ക് ഇടുക്കി അണക്കെട്ടിന് ഒന്നും സംഭവിക്കില്ല. എന്നാൽ മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ ഒന്നും പറയുന്നില്ല, കാരണം ഡാം കെഎസ്ഇബിയുടെ അധീനതയിലല്ല. അടുത്ത പത്ത് വര്‍ഷത്തേക്ക് ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളുടെ സുരക്ഷ എങ്ങനെയാണെന്ന വിവരാവകാശ ചോദ്യത്തിനാണ് കെഎസ്ഇബിയുടെ ഉദാസീന മറുപടി. സമീപകാലത്ത് ഉണ്ടായ ഗുരുതര കാലാവസ്ഥാ വ്യതിയാനങ്ങളൊന്നും പഠിച്ചിട്ടില്ലെന്ന് ഈ മറുപടിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആ വെള്ളം മുഴുവന്‍ ഒഴുകിയെത്തുക ഇടുക്കി ഡാമിലേക്കാകും. ഇങ്ങനെ ഒഴുകിയെത്തുന്ന വെളളത്തിന്റെ അളവ് താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ആധികാരികമായി കെഎസ്ഇബി പഠിച്ചിട്ടില്ല.
സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഡാമുകളെ മുൻഗണനാക്രമം പരിഗണിച്ച് കേന്ദ്ര ജല കമ്മിഷൻ തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ നാലാം സ്ഥാനത്താണ് ഇടുക്കി ചെറുതോണി ആര്‍ച്ച് ഡാം.. എന്നാൽ നിലവിലെ കാലാവസ്ഥാ വ്യതിയാനം കൂടി പരിഗണിച്ചാല്‍ ഇടുക്കി രണ്ടാം സ്ഥാനത്താകുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതൊന്നും കെഎസ്ഇബി പരിഗണിക്കുന്നേയില്ല എന്ന് വിവരാവകാശ അപേക്ഷ നല്‍കിയ ഡൊമിനിക് സൈമണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ തകര്‍ന്നാല്‍ സ്വീകരിക്കേണ്ട അടിയന്തര സുരക്ഷാ നടപടികള്‍ സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ റവന്യൂ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നുമാണ് കെഎസ്ഇബി നിലപാട്. എന്നാല്‍ ബോർഡ് തയാറാക്കിയിരിക്കുന്നത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും രക്ഷാപ്രവര്‍ത്തനം എങ്ങനെ വേണമെന്നതിൽ ഒരു വിവരവും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡൊമിനിക് സൈമണ്‍ പറയുന്നു. തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളെ പൂര്‍ണ്ണമായും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവിടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എങ്ങോട്ട് മാറണമെന്ന് പോലും പറഞ്ഞിട്ടില്ല. ഇതിനു പകരം വിശദ റിപ്പോര്‍ട്ട് തയാറാക്കണം. റവന്യൂ അധികാരികളെ അറിയിച്ചിട്ടുള്ള അപകട മേഖല സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളെയും അറിയിക്കണം. അപകട മേഖലകളിലെ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കണം. നിലവില്‍ ടയര്‍ 1 റിപ്പോര്‍ട്ട് മാത്രമേ ഇതുവരെ തയാറാക്കിയിട്ടുള്ളൂ. എന്നാല്‍ ടയര്‍ 2, ടയര്‍ 3 റിപ്പോര്‍ട്ടുകൾ കൂടി അടിയന്തിരമായി തയാറാക്കണം. എന്നാല്‍ മാത്രമേ വിശദ പഠനം സാധ്യമാകൂ. നിലവിലെ പഠനങ്ങള്‍ നടത്തിയിരിക്കുന്നത് കെഎസ്ഇബിയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള ഡാം സബന്ധിച്ച് അതേ ഏജന്‍സി തന്നെ അന്വേഷിക്കുന്നത് ഉചിതമല്ല. മറ്റൊരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഡൊമിനിക് സൈമണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here