പണി തരുമെന്ന് സിപിഎം നേതാവിൻ്റെ ഭീഷണി; പിന്നാലെ നിക്ഷേപകന്‍റെ ആത്മഹത്യ; എല്ലാം ന്യായീകരിച്ച് പാർട്ടി
കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നിൽ ആത്മത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. സിപിഎം മുൻ ഏരിയാ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായ വിആർ സജിയും സാബുവും തമ്മിലുള്ള ഫോൺ സന്ദേശമാണ് പുറത്ത് വന്നത്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നുമായിരുന്നു സിപിഎം നേതാവിൻ്റെ വിരട്ടൽ.
താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ജീവനക്കാരമായ ബിനോയ് പിടിച്ച് തള്ളിയെന്ന് സാബു പറയുന്നുണ്ട്. തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് അയാൾ പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നു. അപ്പോൾ വിഷയം മാറ്റാൻ നോക്കേണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ഒരു ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്നും സജി പറയുന്നുണ്ട്.
കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി സജിയെ ന്യായീകരിച്ച് സിപിഎം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് രംഗത്തെത്തി. ഭരണ സമിതി അംഗം എന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. പാര്‍ട്ടി ആത്മത്യ ചെയ്ത സാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്നും എരിയാ സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം സാബുവിനെ സജി ഭീഷണിപ്പെടുത്തിയതായി ഭാര്യ മേരിക്കുട്ടി ആവർത്തിച്ചു. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍ നിന്ന് ആകെ നല്‍കിയത് 80000 രൂപ മാത്രമാണ്. പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങി. ബാങ്കിലെത്തിയപ്പോള്‍ ജീവനക്കാരനായ ബിനോയ് സാബുവിനോട് മോശമായി പെരുമാറി. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് സെക്രട്ടറി പറഞ്ഞു. ഇതിന് പിന്നാലെയാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതെന്നും മേരിക്കുട്ടി പറഞ്ഞു.
ഇന്നലെയായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നിൽ സാബു തൂങ്ങിമരിച്ചത്. തൻ്റെ മരണത്തിന് കാരണം ബങ്കാണ് എന്ന കുറിപ്പ് എഴുതി വച്ചിട്ടാണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സക്കായി പലതവണ നിക്ഷേപിച്ച പണം ആവശ്യപ്പെട്ടിട്ടും ബാങ്ക് നൽകാൻ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിൻ്റെ തലേ ദിവസവും സാബു ബാങ്കിലെത്തി ജീവനക്കാരുമായി തർക്കം ഉണ്ടാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here