സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി; ‘എല്ലാവരും അറിയാൻ’ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യക്കുറിപ്പ്

ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു. മുളങ്ങാശേരിൽ സാബുവാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൻ്റെ മരണത്തിന് ഉത്തരവാദി കട്ടപ്പന റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. സാബുവിന്‍റെ വസ്ത്രത്തിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്.

ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ല. നിക്ഷേപം തിരിച്ച് ചോദിച്ച തന്നെ അപമാനിച്ചതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ബാങ്ക് സെക്രട്ടറിക്കെതിരെയും പരാമർശമുണ്ട്. തന്നെ സെക്രട്ടറി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് കുറിപ്പിലുള്ളത്.

‘എല്ലാവരും അറിയാൻ’ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്. തന്‍റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടുപേരുമാണ്. ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്ക്, തന്‍റെ ഭാര്യയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം സാബു ബാങ്കിലെത്തി തൻ്റെ നിക്ഷേപം തിരിച്ചു ചോദിച്ചതായിട്ടാണ് ബന്ധുക്കൾ പറയുന്നത്. ജീവനക്കാരുമായി തര്‍ക്കവും ഉണ്ടായി. ഭാര്യയുടെ ചികിത്സക്കായി പണം പിൻവലിക്കാൻ പലതവണ ബാങ്കിനെ സമീപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. പല തവണ കയറിയിറങ്ങിയിട്ടും പണം നൽകാൻ ജീവനക്കാർ തയ്യാറായില്ല. തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് സാബുവിന്‍റെ ഭാര്യ.

സംഭവത്തിന് പിന്നാലെ ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ബാങ്കിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാങ്ക് സിപിഎമ്മിൻ്റെ ഭരണസമിതിക്ക് കീഴിലുണ്. രണ്ട് വർഷം മുമ്പാണ് കോൺഗ്രസിൽ നിന്നും സിപിഎം ഭരണം പിടിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top