‘ഇടുക്കി പാക്കേജിനെക്കുറിച്ച് ഒന്നുമേ തെരിയാത്’; ദേവികുളം എംഎല്‍എ രാജയുടെ ചോദ്യത്തിന് ബാലഗോപാലിന്റെ മറുപടി

തിരുവനന്തപുരം: ജില്ലകള്‍ക്കായുള്ള കോടികളുടെ വികസന പാക്കേജ് പ്രഖ്യാപിക്കുന്ന ഇടത് സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ശേഷം അതെല്ലാം മറക്കുന്ന അവസ്ഥയാണ്. ഇടുക്കിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇതിന്റെ ഒന്നാംതരം ഉദാഹരണമായി മാറുകയാണ്. 12000 കോടിയുടെ പദ്ധതികൾ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കുന്നതാണ് ഇടുക്കി പാക്കേജ്. 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടന്നു രണ്ടു വര്‍ഷം കഴിഞ്ഞ ശേഷം പാക്കേജിന്റെ അവസ്ഥയെന്തായി എന്ന ഇടുക്കി ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ എ.രാജയുടെ ചോദ്യത്തിന് ഒരു വിവരവും നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ധനമന്ത്രി മറുപടി പറഞ്ഞത്.

രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പാക്കേജിനെക്കുറിച്ച് അഞ്ച് ചോദ്യങ്ങളാണ് ദേവികുളം എംഎല്‍എയായ എ. രാജ നിയമസഭയില്‍ ചോദിച്ചത്. അഞ്ച് ചോദ്യത്തിനും വിവരം ശേഖരിച്ച് വരുന്നു എന്നുള്ള ഒരൊറ്റ ഉത്തരമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നല്‍കിയിരിക്കുന്നത്. ഇടുക്കി വികസന പാക്കേജ് എന്നാണ് നിലവില്‍ വരുന്നത്? അനുവദിച്ച തുക എത്ര: വിവരം ശേഖരിച്ചു വരുന്നു, എത്ര വര്‍ഷം കൊണ്ടാണ് പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്: വിവരം ശേഖരിച്ച് വരുന്നു, നാളിതുവരെ എത്ര തുക ഇടുക്കി പാക്കേജിനായി അനുവദിച്ചിട്ടുണ്ട് വിവരം അറിയിക്കാമോ? വിവരം ശേഖരിച്ച് വരുന്നു, ഇടുക്കി പാക്കേജ് മുഖേന ഇതുവരെ ഇതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ മണ്ഡലം തിരിച്ച് വിശദമാക്കാമോ: വിവരം ശേഖരിച്ച് വരുന്നു, ഇടുക്കി പാക്കേജില്‍ ഏതൊക്കെ തരത്തിലുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തുന്നത്? , അതിന്റെ മാനദണ്ഡം വിശദമാക്കാമോ: വിവരം ശേഖരിച്ച് വരുന്നു. എല്ലാത്തിനും ഒരേ മറുപടിയാണ് നല്‍കിയിരിക്കുന്നത്. 12000 കോടിയുടെ പദ്ധതി എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ധനമന്ത്രി തന്നെ അറിഞ്ഞ മട്ടില്ല. ഇടുക്കി പാക്കേജിന് എത്ര തുക അനുവദിച്ചു എന്ന ചോദ്യത്തിന് വിവരം ശേഖരിച്ച് വരുന്നു എന്ന പതിവ് മറുപടി മാത്രമാണ് നല്‍കിയത്.

വന്‍ പദ്ധതിയാണ് ഇടുക്കി പാക്കേജ് എന്ന് 12000 കോടിയുടെ പ്രഖ്യാപനത്തില്‍ തന്നെ വ്യക്തമാണ്. പാക്കേജ് ലക്ഷ്യമിടുന്നത് ഇടുക്കിയുടെ സമഗ്ര വികസനവും സമ്പല്‍സമൃദ്ധിയും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 250 ഏക്കറിൽ, ഹൈറേഞ്ചിൽ മെഗാ ഫുഡ് പാർക്ക്, – ഓരോ ഗ്രാമവും ടൂറിസം കേന്ദ്രങ്ങൾ, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാൻ 10 പേരുടെ ഗ്രൂപ്പിന് സൗകര്യം, ജില്ലയില്‍ ഇത്തരം 100 കേന്ദ്രങ്ങൾ, ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് അഡ്വഞ്ചർ പാർക്കിന്‌ 100 കോടി. വാഗമൺ – ഇടുക്കി – മലങ്കര എന്നിവിടങ്ങളിൽ അമ്യൂസ്മെന്റ് പാർക്ക്. രാമക്കൽമേട്ടിൽ ബജറ്റ് ഹോട്ടൽ, ഇടുക്കി -രണ്ടാം നിലയം 2 വർഷത്തിനുള്ളിൽ 3000 കോടി എന്നിവ ഉള്‍പ്പെട്ടതാണ് ഇടുക്കി പാക്കേജ് എന്നാണ് പ്രഖ്യാപിച്ചത്.

പാക്കേജ് പ്രഖ്യാപനം കേട്ട് കേട്ട് ഇടുക്കിക്കാർക്ക് തന്നെ മടുത്ത അവസ്ഥയാണ്. 2019ൽ പുനർജനി പാക്കേജ് എന്ന പേരിൽ 5000 കോടി അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ഇടുക്കിക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിലവിലെ അവസ്ഥയും ആര്‍ക്കും ഒരുപിടിയുമില്ല. പ്രളയത്തിൽ തകർന്നടിഞ്ഞപ്പോഴാണ് ഇത്തരം പാക്കേജ് പ്രഖ്യാപിച്ചത്. 2020ൽ 1000 കോടിയുമായി ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതും മറന്നാണ് 2021-ല്‍ 12000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിനു ശേഷമുള്ള ആദ്യ രണ്ടു ബജറ്റിലും 75 കോടി രൂപയുടെ ഇടുക്കി പാക്കേജുകളും പ്രഖ്യാപിക്കപ്പെട്ടു. ഇതിന്റെ അവസ്ഥയും വ്യക്തമല്ല. പിണറായി സര്‍ക്കാരിന്റെ തന്നെ തീരദേശ പാക്കേജും വാര്‍ത്തയില്‍ വന്നെങ്കിലും നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top