പോലീസിനെതിരെ പരാതി കൊടുത്തപ്പോൾ തിരിച്ച് പോക്സോ കേസ്; സർക്കാർ ഉദ്യോഗസ്ഥന് മൂന്ന് മാസം തടവും സസ്പെൻഷനും; കേസ് വെറുതെ വിട്ടപ്പോൾ തൊടുപുഴയിലെ ജോമോന് പറയാനുള്ളത്

എം.മനോജ്‌ കുമാര്‍

തൊടുപുഴ: മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് തനിക്കെതിരെയുള്ള വ്യാജ പോക്സോ കേസില്‍ നിന്നും മോചിതനാകാന്‍ കഴിഞ്ഞതെന്ന് തൊടുപുഴ ആര്‍ഡിഒ ഓഫീസ് ജീവനക്കാരനായ ടി.എസ്.ജോമോന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 59 ദിവസമാണ് ജാമ്യം ലഭിക്കാതെ ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നത്. ആറു മാസം സര്‍വീസില്‍ നിന്നും സസ്പെന്‍ഷനും ലഭിച്ചു. കേരള അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലില്‍ നിന്നും സസ്പെന്‍ഷന് സ്റ്റേ വാങ്ങിയാണ് സര്‍വീസില്‍ തിരികെ കയറിയത്. നീതിയുടെ പക്ഷം വിജയിച്ചു- ജോമോന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ‘തന്നെയും ഭര്‍ത്താവിനെയും കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിക്കുകയും പോലീസുകാര്‍ ചുരിദാര്‍ വലിച്ച് കീറുകയും ചെയ്ത സംഭവം മറച്ച് വെക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെതിരെ വ്യാജ പോക്സോ കേസ് ചമച്ചതെന്ന്’ ജോമോന്റെ ഭാര്യ ടി.എ.ഇന്ദു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വിധിയോടെ ജീവിതം തന്നെ തിരികെ ലഭിച്ചതായി ഈ കുടുംബം പറയുന്നു.

നിയമത്തെ മറയാക്കി നിസഹായരായ മനുഷ്യരെ ജയിലിലടക്കുന്ന പോലീസുകാരുടെ ക്രൂരതയുടെ മറ്റൊരു രക്തസാക്ഷിയാണ് ജോമോന്‍. പതിനഞ്ചുവയസ്സുകാരിയോടും മുത്തശിയോടും ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു കേസ്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസ് വ്യാജമാണെന്ന് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തി. ജോമോന്‍റെ ഭാര്യ പോലീസിന്റെ അതിക്രമത്തിനെതിരെ നല്‍കിയ പരാതിയെ പ്രതിരോധിക്കാനാണ് കാഞ്ഞാർ പോലീസ് പെൺകുട്ടിയേയും മുത്തശിയേയും പ്രേരിപ്പിച്ച് പോക്സോ കേസ് ഉണ്ടാക്കിയതെന്ന് കോടതി കണ്ടെത്തി. എന്തിനുവേണ്ടിയാണോ പോലീസിനെ സമൂഹം നിയോഗിച്ചിരിക്കുന്നത് അതിന് കടകവിരുദ്ധമായ പെരുമാറ്റമാണ് പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സ്പെഷ്യൽ ജഡ്ജി ടി.ജി. വർഗീസ് വിധിന്യായത്തിൽ പ്രസ്താവിച്ചു.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോമോന്‍റെ കാറില്‍ ഗുരുദേവ കീര്‍ത്തനം ഉച്ചത്തില്‍ വയ്ക്കുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഇടുക്കി കാഞ്ഞാര്‍ പോലീസില്‍ പരാതി വന്നപ്പോള്‍ പോലീസ് ജോമോന്റെ വീട്ടിലെത്തി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തിയ ശേഷമുള്ള കാര്യങ്ങള്‍ ഇന്ദു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത് ഇങ്ങനെ: ”ഭര്‍ത്താവും രണ്ട് കുട്ടികളുമായാണ് സ്റ്റേഷനില്‍ ഹാജരായത്. സ്റ്റേഷനില്‍ വെച്ച് ബിജു എന്ന പോലീസുകാരന്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച എന്‍റെ പുറത്ത് മറ്റൊരു പോലീസുകാരന്‍ അടിച്ചു. കുഞ്ഞുമായി വീഴാന്‍ പോകുന്നത് കണ്ടപ്പോള്‍ ഭര്‍ത്താവ് ഓടിയെത്തി. പോലീസുകാര്‍ എന്നെയും ഭര്‍ത്താവിനെയും ഒരുമിച്ച് മര്‍ദ്ദിച്ചു. പുരുഷ പോലീസുകാര്‍ ചുരിദാര്‍ വലിച്ച് കീറി”- ഇന്ദു പറഞ്ഞു. 2020 ജനുവരി 22 നു അറസ്റ്റിലായ ജോമോന്‍ മാര്‍ച്ച് 26 നാണ് ജാമ്യം കിട്ടി പുറത്ത് വന്നത്.

ജാമ്യത്തിലിറങ്ങിയ ശേഷമാണ് മൂന്ന് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം ജോമോന്‍ നടത്തുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജോമോനെതിരെയുള്ള പോലീസ് കേസ് തുടരുന്നുണ്ട്. പോലീസുദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചതായുള്ള ജോമോന്റെ ഭാര്യ നല്‍കിയ കേസും കോടതിയിലുണ്ട്. ” തീര്‍ത്തും വ്യാജമായ കേസാണിതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞുവെന്ന് ജോമോന്റെ അഭിഭാഷകനായ സി.കെ.വിദ്യാസാഗര്‍ പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലീസുകാര്‍ക്ക് എതിരെ മാനനഷ്ടത്തിന് കേസ് നല്‍കാനുള്ള ഒരുക്കത്തിലാണ് ജോമോനും കുടുംബവും.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top