ബലാത്സംഗത്തിന് 90വർഷം തടവുശിക്ഷ; ഇടുക്കി പൂപ്പാറക്കേസിലെ പ്രതികൾ ഇനി പുറംലോകം കാണില്ല
ഇടുക്കി: പൂപ്പാറയിൽ പതിനാലുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികളെ 90 വർഷം വീതം തടവിന് ശിക്ഷിച്ച് കോടതി. ഇവർക്ക് ഒത്താശ ചെയ്തുവെന്ന കുറ്റംചുമത്തി പോലീസ് അറസ്റ്റ് ചെയ്ത ഒരു പ്രതിയെ വെറുതെവിട്ടു. അതേസമയം കേസിലെ പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികൾക്കെതിരെയുള്ള കേസ് തുടരുകയുമാണ്.
പൂപ്പാറ സ്വദേശികളായ സുഗന്ധ്, ശിവകുമാർ, സാമുവൽ എന്നിവർക്കാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി ജഡ്‌ജി പി.എ.സിറാജുദീൻ കടുത്ത ശിക്ഷാ വിധിച്ചത്. പ്രതികൾക്ക് മേൽ ചുമത്തിയിരുന്ന നാലു കുറ്റങ്ങളിൽ രണ്ടെണ്ണത്തിൽ 25 വർഷം വീതവും രണ്ടെണ്ണത്തിൽ 20 വർഷം വീതവുമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിലുണ്ട്.
2022 മെയ് 29നാണ് ദാരുണ സംഭവം നടക്കുന്നത്. പൂപ്പാറയിൽ സുഹൃത്തുമൊത്ത് തേയിലത്തോട്ടത്തിൽ ഇരിക്കുകയായിരുന്ന പതിനാലുകാരിയെ ആറംഗസംഘം ഉപദ്രവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു.
മൂന്നാർ ഡിവൈഎസ്‌പിയായിരുന്ന കെ.ആർ. മനോജിൻ്റെ നേതൃത്വത്തിലാണ് ശാന്തൻപാറ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ കേസ് തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് പരിഗണിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here