ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ജനവാസ മേഖലയിൽ നാശം വിതച്ച് ചക്കക്കൊമ്പനും പടയപ്പയും, ആശങ്കയിൽ പ്രദേശവാസികൾ

ഇടുക്കി: ഇടുക്കിയെ ഭീതിയിലാക്കി വീണ്ടും ചക്കക്കൊമ്പനും പടയപ്പയും. സിങ്കുകണ്ടത്ത് ജനവാസമേഖലയിൽ ഇറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. വീടിന്റെ ഭിത്തിക്കും മേൽക്കൂരക്കും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.

പുലർച്ചെ നാലുമണിയോടെയാണ് ചക്കക്കൊമ്പൻ വീട് ആക്രമിച്ചത്. ശബ്‌ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും ആന അവിടെനിന്ന് പോവുകയായിരുന്നു. ചിന്നക്കനാലിൽ നിന്ന് ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം. മൂന്നാർ ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ പടയപ്പയും ജനവാസമേഖലയിൽ ഇറങ്ങിയിട്ടുണ്ട്. ലയങ്ങളുടെ സമീപമുള്ള കൃഷിയിടങ്ങളിൽ കയറിയ പടയപ്പ വൻതോതിൽ നാശം വിതച്ചിട്ടുണ്ട്.

അടിമാലി – നേര്യമംഗലം ദേശീയപാതയിൽ കാട്ടാനയെ കണ്ടത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആറാംമൈലിന് സമീപം കാട്ടാനയെ കണ്ട സാഹചര്യത്തിൽ അതുവഴി സഞ്ചരിക്കുന്ന യാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മൂന്നാർ തലയാറിൽ പുലിയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവാണ് ചത്തത്. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കൾ വന്യജീവി ആക്രമണത്തിൽ ചത്തത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. വേനൽ കനക്കുന്നു പശ്ചാത്തലത്തിൽ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെയും വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top