ഇടുക്കി രാജകുമാരി ബിവറേജസ് ഔട്ട്‌ലെറ്റിൽ രാത്രി വിജിലൻസ് പരിശോധന

ഇടുക്കി രാജകുമാരി ബിവറേജസ് ഔട്ട്‌ലെറ്റിൽ രാത്രി വിജിലൻസ് പരിശോധന. ഇതര സംസ്ഥാനക്കാരിൽ നിന്ന് മദ്യത്തിന് അധിക തുക ഈടാക്കുന്നു, ചില പ്രത്യേക ബ്രാൻഡുകൾ വിൽക്കാതെ പൂഴ്ത്തിവയ്ക്കുന്നു, തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കോട്ടയം വിജിലസ് ഡിവൈഎസ്പി പി.വി.മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന.

വേഷം മാറി വൈകിട്ടോടെ എത്തിയ ഉദ്യോഗസ്ഥർ ക്യൂവിൽ നിന്ന് മദ്യം വാങ്ങി പരാതികൾ ശരിയാണെന്ന് ഉറപ്പിച്ചു. 110 രൂപയുടെ ബിയർ ഇതര സംസ്ഥാന തൊഴിലാളികൾക്ക് 140 രൂപക്ക് വിൽക്കുന്നത് കണ്ടെത്തി. കൂടാതെ ആവശ്യപ്പെടുന്ന ബ്രാൻഡ് മദ്യം സ്റ്റോക്ക് ഉള്ളപ്പോഴും അത് നൽകാതെ മറ്റു ചില ബ്രാൻഡ് മാത്രം വിൽക്കുന്നത് കണ്ടെത്തി.

കമ്മിഷൻ ലക്ഷ്യമിട്ടാണ് ഇതെന്ന് വ്യക്തമായി. രാത്രി ഒൻപതിന് കച്ചവടം അവസാനിച്ചപ്പോൾ വരുമാനത്തിൽ 17,000 രൂപയുടെ കുറവ് കണ്ടെത്തി. തിരിമറിക്ക് തെളിവാണിത് എന്നാണ് വിജിലൻസ് നിഗമനം. കൂടാതെ സ്റ്റോക്കിൽ 108 കെയ്സ് ബിയറിൻ്റെ കുറവ് കണ്ടെത്തി. ഇതും പ്രധാന തെളിവാകും. അടുത്ത ദിവസങ്ങളിൽ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമ്പോൾ കൂടുതൽ വ്യക്തത വരും.

Logo
X
Top