കെ.സുധാകരന്‍ മൽസരിച്ചേക്കും; ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ വഴങ്ങും; ജയസാധ്യതയാണ് പ്രധാനമെന്ന് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: ഇക്കുറി ലോക്സഭാ സീറ്റില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പിന്മാറുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കണ്ണൂരില്‍ നിന്നും വീണ്ടും മത്സരിക്കുമെന്നാണ് സുധാകരന്റെ പുതിയ പ്രഖ്യാപനം. കെപിസിസി പ്രസിഡന്റ് പദവിയും എംപി പദവിയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ല. അതിനാല്‍ കണ്ണൂരില്‍ മത്സരിക്കില്ലെന്നാണ് മുന്‍പ് പറഞ്ഞത്.
ഹൈക്കമാന്‍ഡ് മത്സരിക്കണമെന്ന് ശക്തമായി പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. 20 സീറ്റും നേടുകയെന്ന ലക്ഷ്യം നിറവേറ്റാൻ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ പറഞ്ഞത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്തിനെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ സുധാകരന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ജയന്തിന്റെ ജയസാധ്യതകളെക്കുറിച്ച് കോണ്‍ഗ്രസില്‍ തന്നെ ആശങ്കകളുണ്ട്. കെ.കെ.ശൈലജയെ സിപിഎം കണ്ണൂരില്‍ മത്സരിപ്പിക്കുമെന്ന് സൂചനയുമുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും ശക്തനായ സ്ഥാനാര്‍ഥി വേണം. ഒരു ലോക്സഭാ സീറ്റ് പോലും കയ്യില്‍ നിന്നും പോകരുതെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. സുധാകരന്റെ പുതിയ തീരുമാനത്തിന് പിന്നില്‍ ഇതല്ലാമാണെന്നാണ് സൂചന.
കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ” ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചത്. എല്ലാവർക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടു തന്നാൽ കേരള കോൺഗ്രസിന് നിയമസഭയിൽ കൂടുതൽ സീറ്റ് നല്‍കും.”- സുധാകരൻ വ്യക്തമാക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here