ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിന് പകരം ഓപ്പണറായി സഞ്ജു!! രഞ്ജിയിലും ഭൂലോക തോൽവിയായി ഇന്ത്യൻ ക്യാപ്റ്റൻ; ഹിറ്റ്മാൻ പുറത്തേക്ക്…

അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം പ്രകടനം ആഭ്യന്തര മത്സരത്തിലും തുടർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. രഞ്ജി ട്രോഫിയിൽ മുംബൈക്കായി കളിക്കാനിറങ്ങിയ രോഹിത് രണ്ട് ഇന്നിങ്‌സിലും വൻപരാജയമായി. ആദ്യ ഇന്നിങ്‌സില്‍ വെറും മൂന്നും രണ്ടാം ഇന്നിങ്‌സില്‍ 28 റൺസുമാണ് താരം നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റൻ എന്ന നിലയില്‍ രോഹിത് സമീപ കാലത്തു തീര്‍ത്തും ആരാധകരെ നിരാശപ്പെടുത്തി. ന്യൂസിലാൻഡിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവിയും ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ 1-3 ന് വമ്പൻ പരാജയവും ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു.


ഓസിസിനെതിരായ തോൽവിക്ക് ശേഷം രോഹിത്തിൻ്റെ വ്യക്തിഗത പ്രകടനത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിൻ്റെ ശരാശരി വെറും ഏഴ് മാത്രം ആയിരുന്നു. ഫോം വീണ്ടെടുക്കാന്‍ രോഹിത് രഞ്ജി ട്രോഫി കളിക്കണം എന്നത് ഹെഡ് കോച്ചായ ഗൗതം ഗംഭീര്‍ നൽകിയ നിർദേശം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഞ്ജി ട്രോഫിയിലും മോശം പ്രകടനം ആവർത്തിച്ചതോടെ ഹിറ്റ്മാൻ്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ആരാധകർ.


രോഹിത്തിനെ ഈ സാഹചര്യത്തിൽ ചാമ്പ്യൻസ് ട്രോഫി കളിപ്പിച്ചാൽ തിരിച്ചടിയാവും എന്നാണ് ടീം ഇന്ത്യയുടെ ആരാധകർ പറയുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുന്നതും രോഹിത് ആണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പ് ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ പ്രകടനമാകും രോഹിത്തിന്ന നിർണായകമാകുന്നത്. ഇതിലെ പ്രകടനം വിലയിരുത്തി ആവും ചാമ്പ്യന്‍സ് ട്രോഫി ടീമിൽ താരത്തെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെയും പരാജയപ്പെട്ടാൽ ഇംഗ്ലണ്ടിനെതിരെയുള്ളത് ഹിറ്റ്മാൻ്റെ വിരമിക്കൽ പരമ്പരയായി മാറും.


ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിന് പകരം ഉയർന്ന് കേൾക്കുന്ന പേര് മലയാളി താരം സഞ്ജു വി സാംസണിൻ്റേതാണ്. ഒരു വിഭാഗം ക്രിക്കറ്റ് ആരാധകരും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. രോഹിത്തിൻ്റെ കാര്യത്തിലടക്കം നിർണായകമാവുന്നത് ഗംഭീറിൻ്റെ തീരുമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. രോഹിത്തിനെ പുറത്താക്കി സഞ്ജു സാംസണെ ഓപ്പണര്‍ റോളിലേക്ക് എത്തിക്കാനാണ് സാധ്യത കൂടുതൽ. അല്ലെങ്കില്‍ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പരീക്ഷിക്കും. എന്തായാലും രോഹിത്തിന് അത്ര ശുഭകരമല്ല പുറത്തു വരുന്ന വാർത്തകൾ. മോശം പ്രകടനം തുടർന്നാൽ ടീമിൽ നിന്നും പുറത്താവുന്ന സാഹചര്യത്തിലാണ് ഹിറ്റ്മാൻ ഇപ്പോഴുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top