മലേഷ്യന്‍ ഹൊറര്‍ ചിത്രം ‘ടൈഗർ സ്‌ട്രൈപ്‌സ്’ ഉൾപ്പടെ 8 വനിതാ ചിത്രങ്ങൾ; ശ്രദ്ധേയമായി ഐഎഫ്എഫ്കെ വിമൺ ഡയറക്റ്റേഴ്സ്സ് പാക്കേജ്

തിരുവനന്തപുരം: സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന എട്ടു വനിതാ സംവിധായകരുടെ സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ)യിൽ പ്രദർശിപ്പിക്കും.പെണ്ണുടലും സ്ത്രീലൈംഗികതയും പ്രമേയമാക്കുന്ന മലേഷ്യന്‍ ഹൊറര്‍ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ്, മലയാളിയായ നതാലിയ ശ്യാം ഒരുക്കിയ ഫുട് പ്രിൻറ്സ് ഓഫ് വാട്ടർ, കൗതർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ്, കൊറിയൻ ചിത്രം എ ലെറ്റർ ഫ്രം ക്യോട്ടോ തുടങ്ങിയ ചിത്രങ്ങളാണ് മേളയിലെ വിമൺ ഡയറക്റ്റേഴ്സ്സ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഋതുമതിയാവുന്നതോടെ സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ അറിയുന്ന സഫാന്‍ എന്ന പതിനൊന്നുകാരിയുടെ കഥയാണ് ടൈഗർ സ്‌ട്രൈപ്‌സ് പങ്കുവയ്ക്കുന്നത് . നവാഗതയായ അമാൻഡ നെൽയുവാണ് കാൻ മേളയിൽ പുരസ്‌കാരം നേടിയ ഈ ചിത്രത്തിൻ്റെ സംവിധായിക.

യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതമാണ് ബ്രിട്ടീഷ് ഇന്ത്യൻ ചിത്രമായ ഫുട് പ്രിൻറ്സ് ഓഫ് വാട്ടറിൻ്റെ പ്രമേയം. നാടകാചാര്യൻ ഒ.മാധവൻ്റെ മകൾ ജയശ്രീയുടെയും ശ്യാമിൻ്റെയും മക്കളായ നീതാ ശ്യാം തിരക്കഥയും നതാലിയ ശ്യാം സംവിധാനവും നിർവഹിച്ച ചിത്രം ന്യൂയോർക്ക് ഇന്ത്യൻ ഫെസ്റ്റിവലിലും യു കെ-ഏഷ്യൻ ഫെസ്റ്റിവലിലും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കാണാതായ മക്കൾക്ക് പകരം അതേസ്ഥാനത്ത് അഭിനേതാക്കളെ വാടകയ്‌ക്കെടുക്കുന്ന മാതാവിൻ്റെ കഥയാണ് ടുണീഷ്യൻ ചിത്രം ഫോർ ഡോട്ടേഴ്സ് പങ്കുവയ്ക്കുന്നത്. കാൻ, ചിക്കാഗോ, ബ്രസ്സൽസ് തുടങ്ങിയ മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദർശനമാണ് മേളയിലേത്.

കൂട്ടുകാരിയുടെ മരണത്തിൻ്റെ കാരണം അന്വേഷിക്കുന്ന യുവതിയുടെ കഥയാണ് കൊറിയൻ ചിത്രം നെക്സ്റ്റ് സോഹീയുടെ പ്രമേയം. ലറ്റിഷ്യ കൊളംബാനി ഒരുക്കിയ ദി ബ്രേയിഡ്, ഫ്രഞ്ച് ചിത്രം ബനേൽ ആൻഡ് അഡാമ, മൗനിയാ മെഡോർ ഒരുക്കിയ ഹൗറിയ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top