ഐ.ജി. ലക്ഷ്മൺ അറസ്റ്റിൽ; കുരുക്കായത് മോൻസൺ മാവുങ്കൽ ബന്ധം
പുരാവസ്തു തട്ടിപ്പുകേസിൽ ഐ.ജി. ജി.ലക്ഷ്മൺ അറസ്റ്റിൽ. മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ കൂട്ടുപ്രതിയാണ് ഐ.ജി. ചോദ്യം ചെയ്യാനായി ഇന്ന് കൊച്ചിയിൽ ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയിരുന്നു. തുടർന്നാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐ.ജി. ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും ഐ.ജി. പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
മോൻസൺ അറസ്റ്റിലായതിന് പിന്നാലെ ഇരുവരുടെയും ബന്ധം വ്യക്തമാകുകയും തെളിവുകൾ പുറത്തുവരികയും ചെയ്തപ്പോൾ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല.
പിന്നീട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐ.ജി. ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. വിരമിച്ച ഐ.ജി. എസ്.സുരേന്ദ്രനും കേസിൽ പ്രതിയാണ്. അതേസമയം ഐ.ജിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here